കോഴിക്കോട്: (www.mediavisionnews.in)നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ലിനിയുടെ രണ്ട് കുട്ടികള്‍ക്കും 10 ലക്ഷ രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഭര്‍ത്താവിന് സമ്മതമാണെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. നിപ്പ വൈറസ് ബാധിച്ച് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ധനസഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അതേസമയം, 12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. ലാബിലേക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കാണ് നിപ്പ സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച 12 പേരില്‍ പത്ത് പേരും മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
നിപ്പ ബാധയെപ്പേടിച്ച് കോഴിക്കോട് കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലുമായി അന്‍പതിലധികം കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പലരും രോഗം പടരുമെന്ന ഭീഷണിയെത്തുടര്‍ന്ന് ബന്ധുവീട്ടിലേക്കാണ് മാറിയത്. കൂരാച്ചുണ്ട് പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ മാത്രം ഇരുപത്തിരണ്ട് കുടുംബങ്ങളാണ് വീട് പൂട്ടിയിറങ്ങിയത്.
ആശങ്കയ്ക്ക് പകരം അതീവ ശ്രദ്ധയെന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. കുടുംബങ്ങളുടെ പലായനം തടയുന്നതിന് ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് നേതൃത്വവും കൃത്യമായ ബോധവല്‍ക്കരണവുമായി രംഗത്തുണ്ട്.