കാബൂൾ (www.mediavisionnews.in) : അഫ്ഗാൻ താരം റാഷിദ്ഖാനെ ഇന്ത്യക്ക് നൽകില്ലെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ട്വിറ്ററിലൂടെയാണ് ഗനിയുടെ തമാശ രൂപേണയുള്ള പ്രസ്താവന. വെള്ളിയാഴ്ച കൊൽക്കത്തക്കെതിരെ നിർണായക പ്രകടനം പുറത്തെടുത്ത റാഷിദ് ഖാൻെറ മികവിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിലെത്തിയിരുന്നു.
നമ്മുടെ ഹീറോ റഷീദ് ഖാനിൽ അഫ്ഗാനികൾ തികഞ്ഞ അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ കളിക്കാർക്ക് ഇടം നൽകിയതിന് ഇന്ത്യൻ സുഹൃത്തുക്കളോട് നന്ദിയുണ്ട്. റാഷിദ് ക്രിക്കറ്റ് ലോകത്തിന് മികച്ചൊരു മുതൽക്കൂട്ടാണ്. ഞങ്ങൾ അവനെ പുറത്ത് കൊടുക്കില്ല- ഗനി ട്വിറ്ററിൽ കുറിച്ചു.
ഐ.പി.എൽ ചരിത്രത്തിലെ മികച്ച പ്രകടനം പുറത്തെടുത്ത റാഷിദ്ഖാന് ഇന്ത്യൻ പൗരത്വം നൽകണമെന്ന ആവശ്യവുമായി ആരാധകർ ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മറുപടി ട്വീറ്റ് ചെയ്തിരുന്നു. എല്ലാ ട്വീറ്റുകളും ഞാൻ കണ്ടിട്ടുണ്ട്. പൗരത്വ വിഷയങ്ങൾ ആഭ്യന്തര മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു സുഷമയുടെ ട്വീറ്റ്. ശനിയാഴ്ച രാവിലെ ഈ ട്വീറ്റ് നീക്കം ചെയ്തു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും റാഷിദ്ഖാൻ പുറത്തെടുത്ത മികവിലാണ് ഹൈദരാബാദ് ഇന്നലെ കലാശപ്പോരിലെത്തിയത്. മത്സരത്തിന് പിന്നാലെ റാഷിദും അഫ്ഗാനോടുള്ള തൻറെ സ്നേഹം പ്രകടിപ്പിച്ച് രംഗത്തെത്തി. ജലാലാബാദിലുണ്ടായ സ്ഫോടനത്തിൽ ഇരയായവർക്ക് തൻെറ മാൻ ഓഫ് ദി മാച്ച് പുരസ്കാരം റാഷിദ് സമർപിച്ചു.