കോഴിക്കോട് (www.mediavisionnews.in) :ഭര്‍ത്താവിന്റെയും നാല് ആണ്‍മക്കളുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും സമൃദ്ധിയിലായിരുന്നു മറിയത്തിന്റെ ജീവിതം. നാലു വര്‍ഷം മുന്‍പ് ഒരു മകനെ വാഹനാപകടത്തിന്റെ രൂപത്തില്‍ മരണം കൊണ്ടുപോയി. ഇപ്പോള്‍, 20 ദിവസത്തിനിടെ ഭര്‍ത്താവും രണ്ട് ആണ്‍മക്കളും മരിച്ചു. നിപയെ പേടിച്ച് ഒരു ആശ്വാസവാക്കു പോലും പടികടന്നെത്താത്ത പേരാമ്പ്ര പന്തിരിക്കരയിലെ വീട്ടില്‍ മറിയത്തിനു കൂട്ട് മകന്‍ മുത്തലിബിന്റെ സാന്ത്വനം മാത്രം.
മകന്‍ മുഹമ്മദ് സലിം 2013-ലാണു വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞ മാസം പനി ബാധിച്ചായിരുന്നു മകന്‍ സാബിത്തിന്റെ മരണം. മറ്റൊരു മകന്‍ സാലിഹും ഭര്‍ത്താവ് മൂസയും പനിക്കിടക്കയിലായതിനു പിന്നാലെയാണു മാരകമായ വൈറസ് ബാധ തിരിച്ചറിഞ്ഞതും കേരളത്തെയാകെ പേടിപ്പിച്ച് “നിപ” എന്ന പേരു പരന്നതും. സാലിഹിനു രോഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല; ഇന്നലെ മൂസയും മരിച്ചു.
വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും വവ്വാലുകള്‍ കാണപ്പെട്ട ഇവരുടെ കിണര്‍ ഇന്നു നാടിനെ പേടിപ്പിക്കുന്ന ഇടമാണ്. നിപ ബാധിച്ച് മൂന്നു പേര്‍ മരിച്ചതോടെ വീട്ടിലേക്കു വരാന്‍ ബന്ധുക്കളും അടുപ്പക്കാരുമെല്ലാം ഭയക്കുന്നു. അടുത്ത് ഇടപഴകിയിരുന്നവര്‍ പോലും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായതോടെ തികഞ്ഞ ഒറ്റപ്പെടലിലാണ് ഉമ്മയും മകനും. വിശുദ്ധ റമദാന്‍ മാസത്തില്‍ മനമുരുകിയുള്ള പ്രാര്‍ഥനകളാണ് ആശ്രയവും ആശ്വാസവും.