മസ്‌കറ്റ് (www.mediavisionnews.in) : മെകനു ചുഴലിക്കാറ്റില്‍ പെട്ട് യെമനിലും ഒമാനിലുമായി പത്ത് പേര്‍ മരിച്ചു. ഇതില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ 48 മണിക്കൂര്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ നിരപ്പ് ഉയരുകയും ശക്തമായ തിരമാലയുണ്ടാകുകയും ചെയ്യും. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പന്ത്രണ്ടുവയസ്സുള്ള കുട്ടിയടക്കം മൂന്നുപേരാണ് ഒമാനിൽ മരിച്ചത്. ഇന്ത്യക്കാരും സുഡാനികളുമടക്കം 19 പേരെ യെമനിൽ കാണാതായിട്ടുണ്ട്. ശക്തമായ കാറ്റിൽ ചുവരിൽ തലയിടിച്ചാണ് കുട്ടി മരിച്ചത്. അതേസമയം, 14 ഇന്ത്യൻ നാവികർ കാറ്റിനെ തുടർന്ന് യെമനിൽ കുടുങ്ങിയിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ഫഹദ് ഖാൻ പറഞ്ഞു. കൂടുതൽ നാശം നഷ്ടം റിപ്പോർട്ടു ചെയ്ത സ്കോട്ര ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. ബോട്ടുകൾ തകർന്നു, ഒട്ടേറെപ്പേർ വീടുപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. ദ്വീപ് തികച്ചും ഒറ്റപ്പെട്ട നിലയിലാണ്.
ദല്‍ക്കൂത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 121.14 മില്ലി മീറ്റര്‍. സദാഹ് (76.4 മില്ലിമീറ്റര്‍), മിര്‍ബാത്ത് (55.6 മില്ലിമീറ്റര്‍), സലാല തുറമുഖം (47.8) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ പെയ്ത മഴയുടെ അളവ്.സിവില്‍ ഡിഫന്‍സിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും വിവിധ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആയിരക്കണക്കിന് പേരെയാണ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാത്രി തന്നെ നിരവധി പേരെ മാറ്റിയിരുന്നു. എന്നാല്‍, ഇന്നലെ പകലില്‍ വെള്ളം കയറിയ വീടുകളില്‍ കഴിഞ്ഞവരെയും മാറ്റി താമസിപ്പിച്ചു. ഷെല്‍ട്ടറില്‍ കഴിയുന്നവര്‍ക്കുള്ള വസ്ത്രം, പുതപ്പ്, ഭക്ഷണം തുടങ്ങിയവ പോലീസ് വിതരണം ചെയ്യുന്നുണ്ട്.
മെകനു കൊടുങ്കാറ്റ് ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്‌യൂത്ത്, റഖ്‌യൂത്ത് മേഖലയില്‍ പ്രവേശിച്ചതായി അധികൃതര്‍ അറിയിച്ചു.