(www.mediavisionnews.in)മിശ്രവിവാഹമെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ പരസ്യം പ്രചരിച്ചതിനു പിന്നാലെ വിവാഹവേദിയിലേക്കെത്തിയ യുവാക്കള്‍ നേരിടേണ്ടി വന്നത് നിരാശ. ‘ജാതിയും മതവും ജോലിയും സമ്പത്തും നോക്കാതെ ഒന്നിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്ക് വിവാഹ വേദി ഒരുക്കുന്നു’ എന്ന സന്ദേശം സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിന്റെ പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം യുവാക്കള്‍ പയ്യന്നൂരിലെ റൂറല്‍ ബാങ്ക് ഓഡിയോറിയത്തിലേക്ക് എത്തിയത്. കേരള മിശ്രവിവാഹവേദി സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ആയിരം പുരുഷന്‍മാര്‍ വിവാഹവേദിയിലെത്തിയപ്പോള്‍ പെണ്‍കുട്ടികളെത്തിയതാകട്ടെ പത്തുപേര്‍ മാത്രം. പത്തുപേര്‍ക്ക് ആയിരം യുവാക്കള്‍ എന്ന സാഹചര്യം വന്നതോടെ പദ്ധതിക്ക് ആഹ്വാനം ചെയ്ത സംഘാടകരും വലഞ്ഞു. സംഘാടകര്‍ യുവാക്കളില്‍ നിന്ന് 100രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസായി വാങ്ങിയതോടെ മിശ്രവിവാഹവേദിയില്‍ പൊട്ടിത്തെറിയുയര്‍ന്നു.
പത്ത് പെണ്‍കുട്ടികളെ കാണിച്ച് ഇത്രയും പേരില്‍നിന്ന് 100 രൂപവീതം വാങ്ങുന്നത് നടക്കില്ലെന്നായിരുന്നു യുവാക്കളുടെ പ്രതികരണം. വിവാഹ കമ്പോളത്തിലെ അവസ്ഥയെ മുതലെടുക്കുകയാണെന്നാണ് ഒരു വിഭാഗം യുവാക്കള്‍ ആരോപിച്ചത്. പ്രശ്‌നം സംഘര്‍ഷത്തോടടുത്തതോടെ പൊലീസിന് ഇടപെടേണ്ടിവന്നു. വാക്കേറ്റവും കൈയാങ്കളിയും എത്തിയതോടെ രജിസ്‌ട്രേഷന് വാങ്ങിയ പൈസ തിരികെ നല്‍കാമെന്ന് സംഘാടകരും സമ്മതിച്ചു.
എന്നാല്‍ ജാതിരഹിത മിശ്രവിവാഹവേദി നടത്തിയ വൈവാഹികസംഗമം മനപൂര്‍വം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായിട്ടാണ് സംഘാടകര്‍ ആരോപണമുയര്‍ത്തിയത്. മുന്നൂറോളം പേരെ മാത്രമാണ് പ്രതീക്ഷിച്ചത്. രാവിലെ ഒമ്പതിനായിരുന്നു രജിസ്‌ട്രേഷന്‍. എന്നാല്‍, സംഘാടകരുടെ പ്രതീക്ഷ തെറ്റിച്ച് രക്ഷിതാക്കളടക്കം ആയിരത്തിലധികം പേരാണ് എത്തിച്ചേര്‍ന്നത്. ചില വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരമുണ്ടാകും എന്ന രീതിയില്‍ ചിലര്‍ നടത്തിയ വ്യാജപ്രചാരണമാണ് ഇതിനിടയാക്കിയതെന്നാണ് മിശ്രവിവാഹവേദി സംസ്ഥാന സെക്രട്ടറി ശൂരനാട് ഗോപന്‍ പ്രതികരിച്ചത്.
ഭക്ഷണത്തിനും രജിസ്‌ട്രേഷനുമായി 100 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍, ജാതിമതരഹിത വിവാഹത്തിനെ എതിര്‍ക്കുന്ന ചിലര്‍ ഇതിനിടയില്‍ നുഴഞ്ഞുകയറി കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് തുക തിരിച്ചുനല്‍കാന്‍ തയാറായതോടെ ഇത്തരക്കാര്‍ മുങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു