മംഗലാപുരത്ത് നിരീക്ഷണത്തിലിരുന്ന രണ്ട് പേര്‍ക്കും നിപ്പയില്ല

0
376

കോഴിക്കോട്:(www.mediavisionnews.in) മംഗലാപുരത്ത് നിപ്പ വൈറസ് ബാധ സംശയിച്ചിരുന്ന രണ്ട് പേര്‍ക്ക് നിപ്പയില്ലെന്ന് സ്ഥിരീകരണം. ഒരു മലയാളിയും ഒരു കര്‍ണാടക സ്വദേശിയുമാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എന്നാല്‍ ഇവര്‍ നിപ്പ ബാധിതരല്ലെന്ന് രക്ത പരിശോധനയില്‍ തെളിഞ്ഞു.

അതേസമയം, രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ നിപ്പ വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയി. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനം, സ്വദേശം എന്നീ വിവരങ്ങളൊന്നും ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല.

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു. വി ജോസ് നിര്‍ദ്ദേശം നല്‍കി. മെയ് 31 വരെ ട്യൂഷനുകള്‍, ട്രെയിനിങ് ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതും ജില്ലാ കലക്ടര്‍ വിലക്കി.

നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചിരുന്നു. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. രോഗ ബാധ ആദ്യം സ്ഥിരീകരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൂസയുൾപ്പടെ നാല് പേരാണ് നിപ്പ ബാധിച്ച് ഒരു കുടുംബത്തിൽ നിന്ന് മരണപ്പെട്ടത്.

ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. നിപ്പ രോഗം സ്ഥിരീകരിച്ച 13 പേരില്‍ ഒരാളായിരുന്നു മൂസ. ഇവരുടെ വീടിന്റെ കിണറ്റിലാണു വവ്വാലുകളെ കണ്ടെത്തിയത്. മേയ് 18നാണ് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏപ്രില്‍ 25നാണു മൂസയും മക്കളായ സാബിത്തും സാലിഹും ആപ്പറ്റയില്‍ പുതുതായി വാങ്ങിയ വീട്ടിലെ കിണര്‍ വൃത്തിയാക്കിയത്. ഈ കിണറ്റിലാണു പിന്നീട് വവ്വാലുകളെ കണ്ടെത്തിയത്. പനിയെ തുടര്‍ന്നു സാബിത്തിനെ ഈമാസം മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അഞ്ചിന് മരിക്കുകയും ചെയ്തു. 18നു സാലിഹും 19ന് സഹോദരഭാര്യ മറിയവും മരിച്ചു. ഇവരുടെ സ്രവ സാംപിളില്‍നിന്നാണു നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here