ഭാര്യമാരെ നാട്ടിലുപേക്ഷിച്ച് കടന്നുകളഞ്ഞ അഞ്ച് പ്രവാസികളുടെ പാസ്‌പോര്‍ട്ട് അസാധുവാക്കി

0
78

ഡല്‍ഹി:(www.mediavisionnews.in) വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന അഞ്ച് പ്രവാസികളുടെ പാസ്‌പോര്‍ട്ട് അസാധുവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശയിന്മേലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.

വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സിയാണ് പ്രവാസികളായ ആറ് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മെയ് 15നാണ് ആറാമത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്നാണ് പാസ്‌പോര്‍ട്ടുകള്‍ റദ്ദ് ചെയ്യാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് ആറില്‍ അഞ്ച് പാസ്‌പോര്‍ട്ടും റദ്ദ് ചെയ്യാന്‍ തീരുമാനമാവുകയായിരുന്നു.

വിവാഹബന്ധത്തില്‍ അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയും അതിന്മേല്‍ കേസുകള്‍ നിലവിലുണ്ടാകുകയും ചെയ്യുന്ന ദമ്പതികള്‍ കൃത്യസമയത്ത് കോടതിയില്‍ ഹാജരാകണമെന്നാണ് നിയമം. എന്നാല്‍, ഗാര്‍ഹിക പീഡനം അടക്കമുള്ള കേസുകളില്‍ പ്രതികളായിട്ടുള്ള പലരും വിദേശത്തേക്ക് കടക്കാറുണ്ട്. ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടുള്ള കേസുകളിലെ പ്രതികള്‍ പോലും ഇങ്ങനെ വിദേശത്തേക്ക് രക്ഷപെടാറുണ്ട്. അറസ്റ്റ് ഭയന്ന് ഇങ്ങനെ രക്ഷപെടുന്ന ഭര്‍ത്താക്കന്മാരെ തിരിച്ചെത്തിക്കാന്‍ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യാമെന്നാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്.

വിവാഹമോചനമടക്കം പ്രവാസികള്‍ കക്ഷികളായിട്ടുള്ള നിരവധി കേസുകളാണ് ഒത്തുതീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. സാമ്പത്തികതട്ടിപ്പ്, ഗാര്‍ഹികപീഡനം, വിവാഹേതരബന്ധങ്ങള്‍, വിവാഹവാഗ്ദാനം നല്കി പണം തട്ടല്‍ തുടങ്ങി നിരവധി തരത്തിലുള്ള പരാതികളാണ് സര്‍ക്കാരിന് ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here