ബെംഗളൂരുവിനായി ഡിവില്ലിയേഴ്സ് ജേഴ്സിയണിയുമോ? മറുപടിയുമായി ആര്‍ സി ബി

0
184

ബെംഗളൂരു (www.mediavisionnews.in) :ക്രിക്കറ്റ് ലോകം ഏറെ ഞെട്ടലോടെയാണ് ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ നേരിട്ടത്. അപ്രതീക്ഷിതമായായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ആ തീരുമാനം. ഒരുതരത്തിലും ക്രിക്കറ്റ് ആരാധകര്‍ എബിഡിയുടെ വിരമിക്കല്‍ സമീപഭാവിയുലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നതുതന്നെയാണ് ഇത്രയേറെ ആഘാതം ക്രിക്കറ്റ് ആരാധകരില്‍ നിന്നും ഉണ്ടാകാന്‍ കാരണം.

പെട്ടന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നിലുള്ള കാരണമെന്തെന്ന് ഇതുവരെ താരം വെളിപ്പെടുത്തിയിട്ടില്ല. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നതുപോലെ നല്ല ഫോമില്‍ കളിക്കുമ്പോള്‍ തന്നെ കളി അവസാനിപ്പിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് മാത്രം താരം സൂചിപ്പിച്ചു. കൂടാതെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാറി പണംവാരുന്ന മറ്റ് ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാനുമല്ല താന്‍ ഉദ്ദേശിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു.

കൂടാതെ സൗത്ത് ആഫ്രിക്കയിലെ ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി കളിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിന് എല്ലാവിധ പിന്തുണ നല്‍കുമെന്നും ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞിരുന്നു. എന്നാല്‍ ഐ പി എല്‍ കരിയറിനേക്കുറിച്ച് കാര്യമായ സൂചനകളൊന്നുംതന്നെ താരം നല്‍കിയില്ല.

ഇന്ത്യന്‍ ആരാധകര്‍ പ്രത്യേകിച്ച് ബെംഗളൂരു ആരാധകര്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നതുമുതല്‍ ആശങ്കയിലാണ്. എന്തായാലും ആരാധകര്‍ക്ക് സന്തോഷ നല്‍കുന്ന വാര്‍ത്തയാണ് റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. ‘ ആര്‍ സി ബിയ്ക്കായി ഡിവില്ലിയേഴ്‌സ് കളിക്കുമോ’ എന്ന ചോദ്യത്തിന് ‘കളിക്കും’ എന്നാണ് ബെംഗളൂരു ട്വീറ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here