ബായാർ (www.mediavisionnews.in): സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ബായാര്‍ മുളിഗദ്ദെയില്‍ വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടക വിട്‌ളയിലെ ജേയ്‌സീസ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. ആറ് കുട്ടികളും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
കൂടുതല്‍ കുട്ടികളില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്‌കൂള്‍ തുറന്ന ഉടനെ തന്നെയുണ്ടായ അപകടം നാടിനെ ഞെട്ടിച്ചു. ഈ ഭാഗങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ട് പോവുന്ന ബസും മറ്റു വാഹനങ്ങളും ചീറിപ്പായുകയും അശ്രദ്ധയോടെയുമാണ് വാഹനമോടിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ബസിന്റെ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാരും ബസോടിക്കാനെത്തുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ ആര്‍ ടി ഒ പരിശോധനകളൊന്നുമില്ലാത്തത് ഇത്തരം നിയമലംഘനങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.