കാസര്‍കോഡ്: (www.mediavisionnews.in)ചിക്കന്‍പോക്‌സും പനിയും പിടിച്ചെത്തിയ ആള്‍ക്ക് ഡോക്ടര്‍ കൊടുത്ത കുറിപ്പ് ബന്ധുക്കളെ വട്ടം ചുറ്റിച്ചു. ബദിയടുക്കയില്‍ കഴിഞ്ഞദിവസം മരിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ഡി. ഹരിഹരന്റെ ബന്ധുക്കള്‍ക്കാണ് ദുരനുഭവം. വിദഗ്ധ പരിശോധനയ്ക്ക് ജനറല്‍ ആശുപത്രിയിലേക്ക് അയക്കുമ്പോള്‍ കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ‘നിപ സംശയം’ എന്ന് കുറിപ്പ് കൊടുത്തത്. ജനറല്‍ ആശുപത്രിയിലെത്തുംമുന്‍പേ രോഗി മരിച്ചു. ഡോക്ടര്‍ നല്‍കിയ കുറിപ്പ് ആശങ്കയ്ക്കിടയാക്കിയതോടെയാണ് മൃതദേഹവും കൊണ്ട് ബന്ധുക്കള്‍ നെട്ടോട്ടമോടേണ്ടി വന്നത്.
തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ ഹരിഹരന്‍ കാസര്‍കോഡ് പെര്‍ള വൈദ്യുതി സെക്ഷനിലെ മസ്ദൂര്‍ ആണ്. ദിവസങ്ങള്‍ക്കു മുന്‍പ് ഭാര്യ ലിസിക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടിരുന്നു. ഇതിനുശേഷമാണ് ഹരിഹരന്‍ പെര്‍ളയിലേക്ക് മടങ്ങിയത്. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തിന് പനിയും ചിക്കന്‍പോക്‌സും പിടിപെട്ടു. ഗുരുതരമായപ്പോള്‍ സഹപ്രവര്‍ത്തകരാണ് വെള്ളിയാഴ്ച ബദിയഡുക്ക കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ബദിയഡുക്കയിലെ ഡോക്ടറുടെ കുറിപ്പ് ജനറല്‍ ആശുപത്രിയിലും സംശയത്തിനിടയാക്കി. പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അവിടെ നടത്താന്‍ തയ്യാറായില്ല. പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.
ശനിയാഴ്ച പത്തു മണിയോടെ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളേജിലേക്കു പോയി. ഇതിനിടെ സംഭവത്തില്‍ പോലിസും ഇടപെട്ടു. പരിയാരം മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍, ഹരിഹരന്റെ സഹോദരന്‍ ഹരികുമാറും മറ്റുബന്ധുക്കളും പോസ്റ്റുമോര്‍ട്ടം വേണ്ടെന്നും ചിക്കന്‍പോക്‌സ് ആണ് മരണകാരണമെന്നും വ്യക്തമാക്കി. തലേനാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍നിന്നു ഹരിഹരന്റെ മൃതദേഹത്തിലെ കുമിളയില്‍ നിന്നുള്ള ജലാംശം ശേഖരിച്ചു ലാബിലേക്കയച്ചിരുന്നു. ഈ പരിശോധനയിലും ചിക്കന്‍പോക്‌സ് ആണ് മരണകാരണമെന്ന് വ്യക്തമായി. പരിശോധനഫലവും ബന്ധുക്കളുടെ അഭ്യര്‍ഥനയും കണക്കിലെടുത്ത് ഒടുവില്‍ മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു