കോഴിക്കോട്: (www.mediavisionnews.in) നിപ്പാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പേര്‍ കൂടി ഇന്ന് മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാദാപുരം സ്വദേശി അശോകനും കൂരാച്ചുണ്ട് സ്വദേശി രാജനുമാണ് മരിച്ചത്.
രാജന് രോഗം പടര്‍ന്നത് പേരാമ്പ്ര ആശുപത്രിയില്‍ നിന്നാണെന്നാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്. സംശയത്തെ തുടര്‍ന്ന് ഇദേഹത്തിന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബന്ധുക്കളുടെ അനുമതിയോടെ രണ്ടു മൃതദേഹങ്ങളും ആശുപത്രിവളപ്പില്‍ സംസ്‌കരിക്കും.
ഇതോടെ നിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് എട്ടായി. മരിച്ചവരില്‍ അഞ്ചുപേരുടെ മരണകാരണം നിപാ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ എട്ടുപേര്‍കൂടി ചികിത്സതേടയിട്ടുണ്ട്. രോഗികളുമായി ഇടപഴകിയവര്‍ക്കും രോഗസാധ്യത കണക്കിലെടുത്ത് അറുപതിലധികം പേരുടെ രക്ത സാമ്പിളുകള്‍ ലാബുകളിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്.
നിപ്പാ വൈറല്‍ ബാധയില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് പേരാമ്പ്രയില്‍ കേന്ദ്ര മൃഗസംരക്ഷണ കമീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്നെത്തും. പനിയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാ മൃഗങ്ങളെയും വിശദമായി പരിശോധിക്കാന്‍ മൃഗസംരക്ഷണവകുപ്പ് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
വവ്വാല്‍ കടിച്ചെന്ന് സംശയം തോന്നുന്ന പഴവര്‍ഗങ്ങള്‍ മനുഷ്യര്‍ കഴിക്കരുതെന്നും മൃഗങ്ങള്‍ കഴിക്കാതെ ശ്രദ്ധിക്കണമെന്നും അറിയിച്ചു. കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ്. ഹോനപ്പഗോല്‍, രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നെത്തുന്നത്. പൂക്കോട് വെറ്ററിനറി കോളജ് ഡീന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരും ഇന്ന് കോഴിക്കോട്ടെത്തും.