ദുരൂഹ സാഹചര്യത്തിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടി മരിച്ചു; മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് പരിയാരത്തേക്ക്

0
254

ഹൊസങ്കടി :(www.mediavisionnews.in) വോര്‍ക്കാടിയില്‍ മരമില്ലിന് സമീപം പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതുവയസുകാരന്‍ മരിച്ചു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

വോര്‍ക്കാടി ബേക്കറി ജംഗ്ഷന് സമീപം ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളായ നാരായണ ആചാരി-ശാരദ ദമ്പതികളുടെ മകന്‍ ശ്രാവണ്‍ കുമാര്‍ (ഒമ്പത്)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ജ്യേഷ്ഠന്‍ ജിതേഷിനൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.

ശ്രാവണിനെ മരമില്ലിന് സമീപം നിര്‍ത്തി ജിതേഷ് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയി. ആറരയോടെ ജിതേഷ് തിരിച്ചുവന്നപ്പോഴാണ് മില്ലിന് സമീപം കൂട്ടിയിട്ട മരത്തടികള്‍ക്ക് മുകളില്‍ ശ്രാവണിനെ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. കഴുത്തിനും കാലുകളിലും മുറിവേറ്റ പാടുണ്ട്. പാന്റ്‌സ് പകുതി ഊരിയ നിലയിലായിരുന്നു.

ശ്രാവണിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതാണെന്നറിയിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ നിന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് രാവിലെയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഉച്ചയോടെ പരിശോധനക്കെത്തി.

കളിയൂര്‍ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രാവണ്‍.
ഇന്ദുജ, സാവിത്രി, ഭുവന എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here