മംഗളൂരു (www.mediavisionnews.in) വീടിനകത്തു കയറിയ വെള്ളത്തിൽ വീണ വയോധികയടക്കം തീരദേശ കർണാടകത്തിൽ കാലവർഷത്തിൽ മരണം മൂന്നായി. ഒരു കുട്ടിയെ ഒഴുക്കിൽ പെട്ടു കാണാതായിട്ടുമുണ്ട്. ഇന്നു രാവിലെയോടെ മഴയ്ക്കു നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അതേസമയം ഇന്നും നാളെയും ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വീടിനു മുകളിൽ ഇടിഞ്ഞു വീണ മണ്ണിനടിയിൽപ്പെട്ടാണു മംഗളൂരു യയ്യാഡി ഉദയനഗരയിലെ കൃഷ്ണപ്പയുടെ ഭാര്യ മോഹിനി (60) മരിച്ചത്. മംഗളൂരു നഗരമധ്യത്തിൽ കൊടിയാൽബയലിലെ മുക്ത ബായി (80) വീടിനുള്ളിൽ കയറിയ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. കിടപ്പു രോഗിയായിരുന്ന ഇവർ കട്ടിലിനു മുകളിൽ വരെ വെള്ളം കയറിയതോടെ പുറത്തിറങ്ങാൻ ശ്രമിക്കുകയും വീടിനകത്തെ വെള്ളക്കെട്ടിൽ വീണു മരിക്കുകയുമായിരുന്നു.
പടുബിദ്രിയിൽ പട്‌ലയിൽ ഉമേഷ് ആചാര്യ-ആശ ദമ്പതികളുടെ മകൾ നിധിയെ (ഒമ്പത്) ഒഴുക്കിൽപ്പെട്ടു കാണാതായി. സഹോദരി നിഷക്കൊപ്പം സ്‌കൂളിൽനിന്നു മടങ്ങുമ്പോൾ തോടിനു കുറുകെയുള്ള പാലം കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. പാലം കവിഞ്ഞ് വെള്ളം ഒഴുകിയതോടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നിഷയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാട്ടുകാരും പടുബിദ്രി പൊലീസും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും നിധിയെ കണ്ടെത്താനായില്ല.
കാർക്കള ബൈലൂരിൽ പഞ്ചായത്തംഗം ഷീല നാളികെ (35) മിന്നലേറ്റു മരിച്ചു. രാത്രി കിടന്നുറങ്ങുമ്പോഴാണ് മിന്നലേറ്റത്. സമീപത്തു കിടന്നുറങ്ങുകയായിരുന്ന ഭർത്താവ് ഭസ്‌കർ പനാരക്കു മിന്നലേറ്റു നിസാര പരുക്കേറ്റു.