കാഞ്ഞങ്ങാട്:(www.mediavisionnews.in) ടൂറിസ്റ്റ് ബസില്‍ നിന്ന് മോഷ്ടിച്ച ഒന്നര ലക്ഷം രൂപയുടെ സാധനസാമഗ്രികളുമായി ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന കുമ്പള സ്വദേശികളായ മൂന്ന് പോലെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു.
കുമ്പള ദേവി നഗറിലെ അബ്ദുല്‍ നിസാര്‍(24), ബദ്‌രിയ നഗറിലെ അബ്ദുല്‍ നാസര്‍ (21), കൊടിയമ്മയിലെ മുഹമ്മദ് നിസാര്‍ (24) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ മാവുങ്കാല്‍ മൂലക്കണ്ടത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 14 ആര്‍ 4190 നമ്പര്‍ ഓട്ടോ റിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു.
പടന്നക്കാട്ട് നിര്‍ത്തിയിട്ട ഉപാസന ടൂറിസ്റ്റ് ബസില്‍ നിന്ന് സ്റ്റീരിയോ ഉള്‍പ്പെടെ ഒന്നരലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ ഇന്നലെ രാത്രി മോഷണം പോയിരുന്നു. ഇവ ഓട്ടോയില്‍ കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. അറസ്റ്റിലായവര്‍ക്ക് നിരവധി മോഷണ കേസുകളില്‍ ബന്ധമുള്ളതായി പൊലീസ് പറഞ്ഞു.