ജില്ലാകളക്‌ടര്‍ നേതൃത്വം നല്‍കി ശുചീകരിച്ച റോഡില്‍ ഒരാഴ്‌ചക്കുള്ളില്‍ വീണ്ടും മാലിന്യ നിക്ഷേപം

0
209

ഉപ്പള (www.mediavisionnews.in): ജില്ലാകളക്‌ടറുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്കു മുമ്പു ശുചീകരിച്ച ദേശീയ പാതയോരത്തു സാമൂഹ്യവിരുദ്ധര്‍ വീണ്ടും അറവുമാലിന്യങ്ങള്‍ തള്ളി.

ദുര്‍ഗന്ധവും മാരകരോഗ ഭീഷണിയും ഉയരുന്നതു മംഗല്‍പാടി പഞ്ചായത്ത്‌ നോക്കിയിരിക്കുന്നു. മംഗല്‍പാടി പഞ്ചായത്തിലെ കൈക്കമ്പ മുതല്‍ നയാബസാര്‍ വരെയുള്ള ദേശീയ പാതയോരത്താണ്‌ ഇന്നു രാവിലെ മാലിന്യങ്ങള്‍ ചാക്കില്‍ ക്കെട്ടി കൊണ്ടുവന്നു തള്ളിയിട്ടുള്ളത്‌.

 

ഈ സ്ഥലങ്ങളില്‍ ദുസ്സഹമായിരുന്ന മാലിന്യങ്ങള്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ജില്ലാ കളക്‌ടര്‍ നേരിട്ടെത്തി ശുചീകരിച്ചത്‌. ബന്തിയോട്‌, ഉപ്പള ടൗണ്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ജില്ലാകളക്‌ടര്‍ നേതൃത്വം നല്‍കിയിരുന്നു.മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാത്ത പഞ്ചായത്ത്‌ ഭരണ സമിതി ജില്ലാകളക്‌ടറുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണം പരിപാലിക്കാന്‍ പോലും തയ്യാറാകാത്തതു ജനങ്ങളില്‍ അമര്‍ഷമുളവാക്കിയിട്ടുണ്ട്‌.

കൈക്കമ്പ, നയാബസാര്‍ എന്നിവിടങ്ങളില്‍ നിന്നു മാലിന്യം നീക്കം ചെയ്‌തിട്ടും അവിടെ നിന്നു ദുര്‍ഗന്ധം വമിക്കുന്നതു തടയാന്‍ മണ്ണിറക്കിയിരുന്നു.
എന്നാല്‍ ആ മണ്ണ്‌ നിരപ്പാക്കാന്‍ പോലും പഞ്ചായത്ത്‌ അധികൃതര്‍ തയ്യാറായിട്ടില്ലെന്നു ജനങ്ങള്‍ അപലപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here