കോഴിക്കോട് (www.mediavisionnews.in) :നിപ്പ വൈറസ് ബാധിച്ച് ഇന്ന് ഒരു മരണം കൂടി. ചികിത്സയിലായിരുന്ന നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇവര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.
ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്നു കല്ല്യാണി. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലായിരുന്നു ചികിത്സ.
നിപ്പ വൈറസിന്റെ ഉറവിടം വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാ ഫലം വന്നതോടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ പോലീസും രംഗത്തെത്തിയിരുന്നു. വടകര റൂറല്‍ എസ്പി ജി.ജയദേവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. രോഗലക്ഷണവുമായി ആദ്യം മരിച്ച സൂപ്പിക്കടയിലെ സാബിത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് സംഘം അന്വേഷിക്കുന്നത്.
മരിക്കുന്നതിനു മുമ്പ് സാബിത്ത് ചെയ്ത കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. സാബിത്തിന്റെ യാത്രകളെക്കുറിച്ചും ആരെല്ലാമായി ബന്ധപ്പെട്ടിരുന്നുവെന്നതും എന്തെല്ലാം ഭക്ഷണം കഴിച്ചുവെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ നടപടികളുമായി പൊലീസ് സഹകരിക്കും. സാബിത്ത് വിദേശരാജ്യത്ത് ജോലിയുള്ളയാളായിരുന്നു. മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. ഈ സാഹചര്യത്തിലാണ് യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ തീരുമാനിച്ചത്.
നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രിയും ഇന്നലെ പറഞ്ഞിരുന്നു.
സാബിത്തിന്റെ സഹോദരൻ സാലിഹും മലേഷ്യയിൽ പോയിട്ടില്ലെന്നു പാസ്പോർട്ടിൽനിന്ന് മനസ്സിലായിട്ടുണ്ട്. ഇതിനു പുറമെ, മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിനു വിധേയമാക്കുന്നുണ്ട്. ലിനിയുടെ ഭർത്താവ് സജീഷിനോട് ഇതു സംബന്ധിച്ച് പൊലീസ് അന്വേഷിച്ചതായും വിവരമുണ്ട്.
സ്രവ സാംപിളുകൾ അയയ്ക്കാതിരുന്നതിനാൽ സാബിത്തിന്റെ മരണം നിപ്പ മൂലമാണോയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വവ്വാലുകളിൽ വൈറസ് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ അന്വേഷണം നിർണായകമാകും. കിണർ വൃത്തിയാക്കാൻ കൂടിയ ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്.