തിരുവനതപുരം: (www.mediavisionnews.in) സര്‍ക്കാര്‍ കടക്കെണിയിലായതോടെ വിവിധ ക്ഷേമപെന്‍ഷനുകള്‍ക്കുളള അപേക്ഷ സ്വീകരിക്കുന്നതു നിര്‍ത്തി.
തദ്ദേശസ്ഥാപനങ്ങളില്‍ ലക്ഷക്കണക്കിന് അപേക്ഷകളാണു സര്‍ക്കാരിന്റെ കാരുണ്യം കാത്തു കെട്ടിക്കിടക്കുന്നത്. വിധവാ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍, 50 വയസിനു മുകളിലുള്ള അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, വികലാംഗപെന്‍ഷന്‍, അന്ധതാ പരിമിതര്‍ക്കുള്ള പെന്‍ഷന്‍, കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷകളാണു കെട്ടിക്കിടക്കുന്നത്. സോഫ്റ്റ്വേര്‍ തകരാറെന്നു പറഞ്ഞാണു സര്‍ക്കാര്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതു നിര്‍ത്തിവച്ചത്.
കോട്ടയം ജില്ലയില്‍ മാത്രം വിവിധ ക്ഷേമപെന്‍ഷനുകള്‍ക്കായുള്ള അന്‍പതിനായിരത്തോളം അപേക്ഷകളെങ്കിലും കെട്ടിക്കിടക്കുന്നതായാണു കണക്ക്. പെന്‍ഷന്‍ വാങ്ങുന്നവരില്‍ അനര്‍ഹരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് ഏതാനും മാസംമുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്കു ലഭിച്ചിരുന്നു. ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്ന നല്ലൊരു വിഭാഗത്തെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കാനാണു ധനവകുപ്പിന്റെ ശ്രമം. വെബ്സൈറ്റ് തകരാര്‍ പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ അപേക്ഷകള്‍ വാങ്ങിവച്ച ഗ്രാമപഞ്ചായത്തുകളും നഗരസഭകളും വെട്ടിലായിരിക്കുകയാണ്. അപേക്ഷകളില്‍ നടപടി എന്തായെന്നറിയാന്‍ എത്തുന്നവരോടു മറുപടി പറയാനില്ലാത്ത ഗതികേടിലാണു തദ്ദേശസ്ഥാപനങ്ങള്‍.
ഓരോ പഞ്ചായത്തിലും പെന്‍ഷനുവേണ്ടി 200 മുതല്‍ അഞ്ഞൂറു വരെ അപേക്ഷകളെങ്കിലും കെട്ടികിടക്കുന്നതായാണു കണക്ക്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം നട്ടംതിരിയുന്ന പാവപ്പെട്ടവര്‍ക്കും രോഗദുരിതങ്ങളില്‍ വലയുന്നവര്‍ക്കും ആശ്വാസം നല്‍കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയതാണ് ഇതില്‍ മിക്ക പെന്‍ഷന്‍ പദ്ധതികളും.