ഐപിഎല്ലില്‍ നിര്‍ണ്ണായക എലിമിനേറ്റര്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ഗുണംകിട്ടുക കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്. രാജസ്ഥാന്‍ റോയല്‍സിന്റെ പുറത്ത് പോക്കിനാകും ഇതോടെ വഴിവെക്കുക. ഇതോടെ കൊല്‍ക്കത്ത സ്വഭാവികമായും രണ്ടാം പ്ലേയോഫിന് യോഗ്യത നേടും.
ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ചെന്നൈയോട് തോറ്റ സണ്‍റൈസസ് ഹൈദ്രാബാദാകും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുക. മഴയെത്തുടര്‍ന്ന് ഏറ്റവും കുറഞ്ഞത് അഞ്ചോവര്‍ മത്സരമെങ്കിലും നടത്താന്‍ കഴിഞ്ഞില്ലെങ്കിലാണ് ഇങ്ങനെ സംഭവിക്കുക.
ഇന്ന് മത്സരം നടക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സിലും സമീപ പ്രദേശങ്ങളിലും രാത്രി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കളി മഴമൂലം തടസപ്പെടാനുള്ള സാധ്യതകളും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷവും ഈഡന്‍ ഗാര്‍ഡന്‍സിലെ മത്സരം മഴ തടസ്സപെടുത്തിയിരുന്നു . അന്ന് ആറ് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വിജയം കൊല്‍ക്കത്തയ്ക്ക് ഒപ്പമായിരുന്നു . ജോസ് ബട്ട്‌ലറും ബെന്‍ സ്റ്റോക്‌സും ഇല്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത് അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ രഹാനെ , രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍ എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മാത്രമേ രാജസ്ഥാന് വിജയം സ്വന്തമാക്കാന്‍ സാധിക്കൂ.
നേരത്തെ ആദ്യ പ്ലേഓഫില്‍ ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ പ്രവേശിച്ചത്.