കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു; ബിജെപി വിരുദ്ധ കൂട്ടായ്മയായി ചടങ്ങ്

0
106

(www.mediavisionnews.in)കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി അധികാരമേറ്റു. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, കേരള മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി. നേതാവുമായ ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തമിഴ്‌നാട്ടില്‍ നിന്ന് ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍, എന്‍.സി.പി. നേതാവ് ശരത്ത് പവാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.

കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനം ജെഡിഎസിന് 12 മന്ത്രിസ്ഥാനവുമെന്നാണ് ധാരണയായിട്ടുള്ളത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യൂ. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെഡിഎസിനുമാണ്.

ബിജെപിക്കെതിരായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതിന്റെ ആദ്യ ചുവടായി ഇന്ന് നടക്കുന്ന കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ രാഷ്ട്രീയകക്ഷികളേയും കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചെത്തിയ നേതാക്കള്‍ സത്യപ്രതിജ്ഞാ വേദി ബിജെപി വിരുദ്ധ കൂട്ടായ്മയായി മാറ്റി.

സ്ഥാനമേറ്റ് 15 ദിവസത്തിനകം വിശ്വാസവോട്ട് നേടണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല കുമാരസ്വാമിയോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം വേണ്ടെന്ന് കുമാരസ്വാമി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.

പക്ഷേ ഇപ്പോഴും ബിജെപി കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന വിശ്വാസ വോട്ടില്‍ ഇതില്‍ പ്രതികൂലമായി ബാധിക്കൂമോയെന്ന് ആശങ്ക കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here