കാസര്‍കോട്: (www.mediavisionnews.in) മലയോര മേഖലയില്‍ ഡെങ്കിപനി പടരുന്നതായി റിപ്പോര്‍ട്ട്. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി മൂന്നൂറിലധികം പേര്‍ ഡെങ്കിപനിക്ക് സമാനമായ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട് . ഇതില്‍ അമ്പതോളം പേര്‍ക്ക് ഡെങ്കിപനി ബാധിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
കിനാലൂര്‍-കരിന്തളം, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലാണ് ഡെങ്കിപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ മാത്രം 27 പേരാണ് ചികിത്സയിലുളളത്.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്നിരുന്നു. പക്ഷേ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ആരോഗ്യ വകുപ്പ് പകര്‍ച്ച വ്യാധിയെ തടയുവാനായി നടപടികള്‍ സ്വീകരിച്ചില്ലെന്നും അതു കൊണ്ടാണ് ഡെങ്കിപനി പടരുന്നത് എന്ന ആക്ഷേപമുണ്ട് . കോഴിക്കോട് ജില്ലയില്‍ നിപ്പാ വൈറസ് ബാധിച്ച് ആളുകള്‍ മരിച്ചതിന് പിന്നാലെയാണ് കാസര്‍കോട് ഡെങ്കിപനി സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ വൈറല്‍ പനികള്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതു ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.







