കര്‍ണാടക; വിശ്വാസ വോട്ടെടുപ്പും സ്പീക്കര്‍ തിരഞ്ഞെടുപ്പും ഇന്ന്; ബിജെപിയുടെ നീക്കങ്ങളും നിര്‍ണായകം

0
111

(www.mediavisionnews.in)കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എച്ച് ഡി കുമാരസ്വാമി ഇന്ന് സഭയില്‍ വിശ്വാസ വോട്ട് തേടും. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ വിശ്വാസവോട്ടിനാണ് വിധാന്‍സൗധ സാക്ഷിയാവുന്നത്. ഇന്ന് തന്നെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കുന്നത്. ഉച്ചയ്ക്ക് 12.15 നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിശ്വാസ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

കെ ആര്‍ രമേഷ് കുമാറാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ബിജെപിയുടെ മുതിര്‍ന്ന എം.എല്‍.എ എസ് സുരേഷ് കുമാറാണ് പ്രധാന എതിരാളി. സുരേഷ് കുമാര്‍ ബെംഗളൂരുവിലെ രാജാജിനഗര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇരുവരും ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടേയും ബിജെപിക്ക് 104 പേരുടേയും പിന്തുണയാണുള്ളത്.

വലിയ രാഷ്ട്രീയ നിയമപോരാട്ടങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കും ശേഷം അധികാരത്തിലേറിയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒരു ‘സേഫ്‌സോണി’ലാണെന്ന് ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ പോലും കരുതുന്നില്ല. അതുകൊണ്ടു തന്നെ ബിജെപിയുടെ കുതിരക്കച്ചവട ഭീഷണി ഭയന്ന് ഫലപ്രഖ്യാപന ദിവസം തന്നെ റിസോര്‍ട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ്-ജെഡിഎസ് എം.എല്‍.എമാരെ ഇതുവരെ സ്വതന്ത്രരാക്കിയിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 34 അംഗ മന്ത്രിസഭയായിരിക്കും പുതിയ സര്‍ക്കാരിലുണ്ടാകുക. വലിയ കക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും 22 പേരും ജെഡിഎസില്‍ നിന്ന് മുഖ്യമന്ത്രി കുമാരസ്വാമിയടക്കം 12 മന്ത്രിമാരാകും ഉണ്ടാകുക. കോണ്‍ഗ്രസിലെ ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. ഉപമുഖ്യമന്ത്രി സ്ഥാനം ലിംഗായത്ത് സമുദായത്തിന് നല്‍കണം എന്ന വാദവും മന്ത്രി സ്ഥാനം ലഭിക്കാത്ത നേതാക്കളുടെ മുറുമുറുപ്പും കോണ്‍ഗ്രസിന് തുടക്കത്തിലേ തലവേദന സൃഷ്ടിക്കുന്നുണ്ട്.

ഗവര്‍ണറുടെ ‘ഏറ്റവും വലിയ ഒറ്റകക്ഷി’ വാദത്തില്‍ ഭരണം പിടിക്കാന്‍ വേണ്ടി പൊടുന്നനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും മണിക്കൂറുകള്‍ക്കുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജി വെക്കേണ്ടി വരികയും ചെയ്ത യെദ്യൂരപ്പയുടെയും ബിജെപിയുടെയും നീക്കങ്ങളും ഈ സര്‍ക്കാരിന് നിര്‍ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here