ഒറ്റ ചാര്‍ജില്‍ 45 ദിവസത്തെ ബാറ്ററി ലൈഫ്, അത്ഭുതപ്പെടുത്തുന്ന ഇന്റേണല്‍ മെമ്മറി; വിസ്മയമുണര്‍ത്തി ലെനോവയുടെ Z5!

0
222

ന്യൂഡല്‍ഹി (www.mediavisionnews.in): കമ്പ്യൂട്ടര്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ലെനോവോ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും ശോഭിക്കുന്നവരാണ്. കമ്പനിയുടെ K8 നോട്ട് പോലെയുള്ള മോഡലുകള്‍ ഇന്ത്യന്‍ വിപണിക്ക് വളരെ പ്രിയമുള്ളവയുമാണ്. പുറത്തിറങ്ങാനിരിക്കുന്ന Z5 ലൂടെ സ്മാര്‍ച്ചട്ട് ഫോണ്‍ രംഗത്ത് വമ്പന്‍ കുതിച്ചു ചാട്ടത്തിന് കോപ്പ് കൂട്ടുകയാണ് ലെനോവോ. ഇന്റേണല്‍ മെമ്മറിയില്‍ വന്‍ അത്ഭുതമാണ് Z5 ഒളിപ്പിച്ചിരിക്കുന്നത് എന്ന് വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ബാറ്ററി ലൈഫിലും മികച്ച പെര്‍ഫോമന്‍സാവും ഫോണ്‍ നടത്തുക എന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.

ഒറ്റ ചാര്‍ജില്‍ 45 ദിവസത്തെ ബാറ്ററി ലൈഫാണ് കമ്പനി Z5 ല്‍ വാഗ്ദാനം ചെയ്യുന്നത്. 1080 മണിക്കൂറാണ് ബാറ്ററി ലൈഫ്. എന്നാല്‍ വോയ്‌സ്, വിഡിയോ കോള്‍ എത്ര മണിക്കൂര്‍ വിളിക്കാമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

നേരത്തെ ഫോണിന്റെ ഇന്റേണല്‍ മെമ്മറി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഫോണിന് 4TB ആന്തരിക സ്റ്റോറേജ് ഉണ്ടാകുമെന്നാണ് വിവരം. ഇതില്‍ 2000 എച്ച്ഡി സിനിമകളും, ഒന്നര ലക്ഷം പാട്ടുകളും, 10 ലക്ഷം ഫോട്ടോകളും സൂക്ഷിക്കാം. വ്യത്യസ്തമായ ഫീച്ചറുകള്‍ കൊണ്ടുവന്നാലെ ഉപയോക്താവിന്റെ ശ്രദ്ധ പിടിക്കാന്‍ പറ്റൂ എന്നതാണ് കമ്പനിയെ ഭീമന്‍ സംഭരണമുള്ള ഫോണ്‍ ഇറക്കാന്‍ പ്രേരിപ്പിച്ച ഘടകം.

ഫോണിന്റെ മെമ്മറിയില്‍ പാര്‍ട്ടിക്കിള്‍ ടെക്‌നോളജി ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ലെനോവോ വൈസ് പ്രസിഡന്റ് ചാങ് ചെങ് പറഞ്ഞത്. ഇതിനെ നാഷണല്‍ ഫ്‌ളാഗ്ഷിപ് സ്മാര്‍ട് ഫോണ്‍ എന്നാണ് ലെനോവോ വിളിക്കുന്നത്. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഫോണ്‍ ചൈനയില്‍ മാത്രമെ വില്‍പ്പനയ്ക്ക് എത്തൂ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ Z5 എത്തിയേക്കില്ല. പക്ഷേ, ഈ ഫോണ്‍ വിജയകരമാകുകയാണെങ്കില്‍ 4TB സ്റ്റോറേജുള്ള മോഡലുകള്‍ മറ്റു രാജ്യങ്ങളില്‍ വില്‍ക്കാനായി ലെനോവോ പുറത്തിറക്കാതിരിക്കില്ലെന്നാണ് പ്രതീക്ഷ. ജൂണ്‍ 14 ന് ഫോണ്‍ പുറത്തിറങ്ങുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here