‘ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ്’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് ബദലുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

0
99

ന്യൂഡല്‍ഹി: (www.mediavisionnews.in) പ്രധാനമന്ത്രി അവതരിപ്പിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന സംവിധാനത്തിന് ബദലുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു വര്‍ഷം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയമാണ് ഇലക്ഷന്‍ കമ്മീഷന്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച്‌ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടത്തുന്നത് സംബന്ധിച്ച്‌ നിയമ കമ്മീഷന്‍ അയച്ച കത്തിനുള്ള പ്രതികരണമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശയം അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുമിച്ച്‌ നടത്തുമ്ബോഴുള്ള അഞ്ച് ഭരണഘടനാ പ്രശ്‌നങ്ങള്‍, 14 സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍, സാമ്ബത്തിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച്‌ നിയമ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്.

നിയമ, സാമ്ബത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ സാധിച്ചാല്‍ ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതിനുള്ള പിന്തുണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചു. ഒരു വര്‍ഷത്തിനിടയിലുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച്‌ നടത്താമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താന്‍ അഞ്ച് നിയമ ഭേദഗതികള്‍ ആവശ്യമാണ്. എന്നാല്‍ ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പാക്കാന്‍ ഇതാവശ്യമില്ല.

നിലവില്‍ അടുത്തടുത്ത് കാലാവധി അവസാനിക്കുന്ന സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഒന്നിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. എന്നാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്‌ ആറ് മാസത്തില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനാകില്ല. ഇതില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഒമ്ബതോ പത്തോ മാസം മാറ്റിവെച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനാണ് ആലോചന. ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് എന്ന രീതി നടപ്പിലാക്കാന്‍ എളുപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here