കോല്‍ക്കത്ത: (www.mediavisionnews.in)ഐപിഎല്‍ 2018 സീസണ് ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. ഫൈനല്‍ യോഗ്യതയ്ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഹൈദരാബാദ് സണ്‍റൈസേഴ്സും ഇന്ന് രാത്രി ഏഴിന് കോല്‍ക്കത്തയില്‍ ഏറ്റുമുട്ടും.
പ്ലേ ഓഫിലെ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ 25 റണ്‍സിനു കീഴടക്കിയാണ് നൈറ്റ് റൈഡേഴ്സ് എത്തിയിരിക്കുന്നത്. അതേസമയം, പ്ലേ ഓഫ് ക്വാളിഫയര്‍ ഒന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് രണ്ട് വിക്കറ്റിനു പരാജയപ്പെട്ടാണ് രണ്ടാം ക്വാളിഫയറിനായി ഹൈദരാബാദ് ഇന്ന് ഇറങ്ങുന്നത്.
ലീഗ് റൗണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയതില്‍ ഓരോ ജയം വീതം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നൈറ്റ് റൈഡേഴ്സ് വെന്നിക്കൊടി പാറിക്കുകയായിരുന്നു. 2017 സീസണ് പ്ലേ ഓഫില്‍ ഇരുവരും എലിമിനേറ്റര്‍ റൗണ്ടിലായിരുന്നു മുഖാമുഖം എത്തിയത്. അന്ന് കോല്‍ക്കത്ത ഏഴ് വിക്കറ്റിനു ജയിച്ചു. അതിന്റെ പകരംവീട്ടലും സണ്‍റൈസേഴ്സ് ഇത്തവണ ലക്ഷ്യംവയ്ക്കുന്നു.
ലീഗ് റൗണ്ടില്‍ തുടര്‍ച്ചയായ ആറ് ജയത്തിലൂടെ ആദ്യം പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കിയ സംഘമാണ് സണ്‍റൈസേഴ്സ്. ലീഗ് റൗണ്ടില്‍ അവസാനം കളിച്ച മൂന്ന് കളികളില്‍ ചെന്നൈയോടും ബംഗളൂരുവിനോടും കോല്ക്കത്തയോടും പരാജയപ്പെട്ടു. തുടര്‍ന്ന് പ്ലേ ഓഫില്‍ ചെന്നൈക്കു മുന്നില്‍ വീണ്ടും നിലംപൊത്തി. അതോടെ തുടര്‍ച്ചയായ നാല് തോല്‍വികള്‍! ഒരുഘട്ടത്തില്‍ അപരാജിതരായി മുന്നേറിയ സണ്‍റൈസേഴ്സിന്റെ കരുത്ത് ഇപ്പോള്‍ ചോദ്യചിഹ്നമായിരിക്കുകയാണ്.
മറുവശത്ത് കോല്‍ക്കത്ത ഇടറിയും പതറിയും ഉയിര്ത്തെണീറ്റുമാണ് ക്വാളിഫയര്‍ രണ്ട് വരെ എത്തിയിരിക്കുന്നത്. 15 മത്സരങ്ങളില്‍നിന്ന് 54.44 ശരാശരിയില്‍ 490 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കാണ് നൈറ്റ് റൈഡേഴ്സിന്റെ കരുത്ത്. ഓപ്പണര്‍ ക്രിസ് ലിനും (443 റണ്‍സ്) റോബിന് ഉത്തപ്പയും (349 റണ്‍സ്) സുനില്‍ നരേനും (331 റണ്‍സ്) ആ്രന്ദേ റസലും (313 റണ്‍സ്) കോല്‍ക്കത്തയുടെ ബാറ്റിംഗ് കരുത്തുകളാണ്. നരെയ്ന് (16 വിക്കറ്റ്), കുല്‍ദീപ് യാദവ് (15 വിക്കറ്റ്), പീയുഷ് ചൗള (13 വിക്കറ്റ്), ആ്രന്ദേ റസല്‍ (13 വിക്കറ്റ്) എന്നിവര്‍ കോല്‍ക്കത്തയുടെ ബൗളിംഗ് ആക്രമണം നയിക്കും. നരേനും റസലുമാണ് കോല്‍ക്കത്തയുടെ തുറുപ്പ് ചീട്ടുകള്‍.
ക്യാപറ്റന് കെയ്ന്‍ വില്യംസണ് (685 റണ്‍സ്), ശിഖര്‍ ധവാന് (437 റണ്‍സ്), മനീഷ് പാണ്ഡെ (284 റണ്‍സ്) തുടങ്ങിയവരിലാണ് സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് പ്രതീക്ഷ. ബൗളിംഗില്‍ സിദ്ധാര്‍ഥ് കൗള്‍ (19 വിക്കറ്റ്), റഷീദ് ഖാന് (18 വിക്കറ്റ്), ഷക്കീബ് അല്‍ ഹസന് (13 വിക്കറ്റ്), സന്ദീപ് ശര്‍മ (11 വിക്കറ്റ്), ഭുവനേശ്വര്‍ കുമാര്‍ (ഒന്‍പത് വിക്കറ്റ്) എന്നിവര്‍ ഹൈദരാബാദിന്റെ കരുത്താകും.