ചെന്നൈ (www.mediavisionnews.in) :ഐപിഎല്ലില്‍ മലയാളികള്‍ക്ക് അഭിമാനിക്കാനായുള്ളത് ചെന്നൈയുടെ മലയാളി പേസ് ബൗളര്‍ മുഹമ്മദ് ആസിഫാണ്. രണ്ട് മത്സരത്തില്‍ കളിക്കാന്‍ ഇടം കിട്ടിയതോടെയാണ് മലപ്പുറത്തുകാരനെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ദീപക് ചഹാറിന് പരിക്കു പറ്റിയപ്പോഴാണ് ആസിഫിനെ ധോണി ആദ്യ ഇലവനില്‍ പരീക്ഷിച്ചത്. തുടര്‍ന്ന് മദേഴ്സ് ഡേയില്‍ മലയാളി പാട്ട് പാടി വാര്‍ത്ത ശ്രദ്ധനേടിയ ആസിഫ് ഇത്തവണ സഹതാരത്തിന്റെ ബാറ്റൊടിച്ചാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
പ്ലേഓഫ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് ഡേവിഡ് വില്ലിയുടെ ബാറ്റ് ആസിഫിന്റെ പന്തില്‍ രണ്ട് കഷ്ണങ്ങളായത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചിത്രം സഹിതം ട്വിറ്റര്‍ പേജില്‍ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് ആസിഫ് വീഴ്ത്തിയത്. അമിതമായി റണ്‍സ് വിട്ടുകൊടുക്കുന്നതാണ് ആസിഫിന്റെ ദൗര്‍ബല്യം. മലപ്പുറത്തു നിന്നും ആദ്യമായി ഐപിഎല്‍ കളിക്കുന്ന ആസിഫിന്റെ പ്രകടനത്തെ ക്യാപ്റ്റന്‍ ധോണി അടക്കമുള്ളവര്‍ നേരത്തെ പ്രശംസിച്ചിരുന്നു. 144 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനുള്ള കഴിവാണ് ആസിഫിനെ വ്യത്യസ്തനാക്കുന്നത്.