ന്യൂഡല്‍ഹി (www.mediavisionnews.in) : ഇന്ധന വില ദൈനംദിനം കുതിച്ചുകൊണ്ടിരിക്കുമ്പോഴും വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളത്. അതേ വില നിങ്ങള്‍ക്ക് മൂന്നു ദിവസം കൊണ്ട് മടുത്തോയെന്നും അദ്ദേഹം ചോദിച്ചു.
പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്ക്കെതിരെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഇതേക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിനെ ഭയക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഈ സഖ്യം ഒരു വ്യത്യാസവും ഉണ്ടാക്കില്ല. 2019 ലെ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ല.
പ്രതിപക്ഷം നുണയുടെ രാഷ്ട്രീയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മോദിയെ പുറത്താക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. ബിജെപിയുടെ ലക്ഷ്യം അഴിമതിയും ദാരിദ്ര്യവും ഇല്ലാതാക്കുകയെന്നതും. അഴിമതിരഹിത ഭരണമാണ് മോദി സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നത്. ജനാധിപത്യപരമായാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും തമ്മിലുള്ള സഖ്യം 2019ല്‍ ബിജെപിക്കു വെല്ലുവിളിയാണ്. എന്നാല്‍ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
2019 തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ എന്‍ഡിഎയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളില്‍ ശക്തിയുള്ള പാര്‍ട്ടികളെ ഒന്നിപ്പിച്ചാണ് സഖ്യമുണ്ടാക്കുന്നത്. എന്നാല്‍, അവര്‍ ഒന്നിച്ചു നിന്നാലും എന്‍ഡിഎയെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 80 സീറ്റുകളില്‍ കൂടി ഇത്തവണ ബിജെപി വിജയിക്കും. പശ്ചിമബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി ജയിച്ചുകയറുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.