ജില്ലയിൽ കവര്‍ച്ചാ സംഘങ്ങള്‍ സജീവം; ഒരു മാസത്തിനിടെ അഞ്ച് വന്‍ മോഷണങ്ങള്‍

0
191

കാസര്‍ഗോഡ്(www.mediavisionnews.in):  ജില്ലയിൽ കവർച്ചാ സംഘങ്ങള്‍ സജീവമാകുന്നു. വീടുകൾ കുത്തി തുറന്നുള്ള മോഷണക്കേസുകൾ ഏറിയിട്ടും ഇതുവരെയും പ്രതികളെ പിടിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. ഒരുമാസത്തിനിടെ അഞ്ചിടത്താണ് വീട് കുത്തിത്തുറന്ന് വൻ മോഷണങ്ങൾ നടന്നത്.

ഈ മാസം പന്ത്രണ്ടിനാണ് കാഞങ്ങാട് കുശാൽ നഗറില്‍ സലീം.എം.പിയുടെ വീട്ടിൽ കവർച്ച നടന്നത്. പൂട്ടിയിട്ട വീട് കുത്തി തുറന്നായിരുന്നു മോഷണം. 130 പവൻ സ്വർണവും മുപ്പത്തയ്യായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. തൊട്ടടുത്ത ദിവസം ഉപ്പള കൈകമ്പയിലെ ഉസ്മാൻ ദുരിയുടെ വീട്ടിലും സമാനരീതിയിൽ മോഷണം നടന്നു. വീട്ടുകാർ ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ സമയത്തായിരുന്നു കവർച്ച. ഓട് എടുത്തുമാറ്റി അകത്തുകയറിയ മോഷ്ടാവ് 15 പവൻ സ്വർണവും പതിനായിരം രൂപയും കവർന്നു. കഴിഞ്ഞ ജൂണ്‍ 5ന് രാത്രിയാണ് തൃക്കരിപ്പൂരിലെ വ്യാപാരി കരോളം അബ്ദുള്‍ലത്തീഫിന്റെ വീട് കുത്തിത്തുറന്ന് 19 പവനും 60,000 രൂപയും കവര്‍ന്നത്. അടുക്കള വാതിലിന്റെ പൂട്ട് തകര്‍ത്താണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചത്.

ജില്ലയിൽ അടുത്തിടെ നടന്ന പ്രധാന മോഷണ കേസുകളില്‍ ചിലത് മാത്രമാണിവ. പണവും ആഭരണങ്ങളും നഷ്ടപ്പെട്ട കേസുകൾ ഇനിയുമേറെയുണ്ട്. കാഞ്ഞങ്ങാട്, ഉപ്പള, മഞ്ചേശ്വരം ഭഗങ്ങളിലാണ് കവർച്ച കൂടുതൽ. കവർച്ച പതിവായിട്ടും പ്രതികളെ പിടികൂടുവാനോ അന്വേഷണത്തിൽ തുമ്പുണ്ടാക്കാനോ പൊലീസിനാകുന്നില്ലെന്നാണ് വിമർശനം. മോഷണം നടന്ന വീടുകളിൽ ഉന്നത പൊലിസുദ്യോഗസ്ഥരും വിരലടയാള വിദഗ്ദരുമെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്‌തു. എന്നിട്ടും പ്രതികളിലേക്ക് എത്താൻ കഴിയാത്തതാണ് നാട്ടുകാരിൽ ഭീതി പടര്‍ത്തുന്നത്. മോഷണകേസുകൾക്കായി മാത്രം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാണ് ആവശ്യം. കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ കണ്ടെത്താനാകുമെന്നുമാണ് പൊലീസിന്റെ പ്രതികരണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here