വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്റെ വീട്ടുകാര്‍ പിന്മാറി; പരാതിയുമായി പെണ്‍കുട്ടിയും ബന്ധുക്കളും രംഗത്ത്.

0
180

കുമ്പള (www.mediavisionnews.in):മാസങ്ങൾക്ക് മുമ്പ് നിശ്ചയിച്ച് അഞ്ചുലക്ഷം രൂപ വാങ്ങി ദിവസമടുത്തപ്പോൾ വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിൻമാറിയതായി പരാതി. പൈവളികെ ടൗൺ മസ്ജിദിന് മുൻവശത്ത് നിഹ മൻസിലിൽ മഹമൂദ് ആണ് മൊഗ്രാൽ ഹയർ സെക്കന്ററി സ്കൂളിനടുത്ത് താമസിക്കുന്ന പ്രവാസിയായ സിദ്ധീക്കിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നിശ്ചയിച്ച കല്യാണത്തിൽ നിന്നും ജൂൺ 26 ന് പിൻമാറിയെന്നാണ് പരാതി. ജൂലൈ രണ്ടിനാണ് കല്യാണം നടത്താൻ നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ചതിന് ശേഷം പല തവണ പെണ്ണ് കാണൽ ചടങ്ങുകൾ നടന്നതായി പറയുന്നു. ഓരോ പ്രാവശ്യവും പെൺകുട്ടിയോടൊപ്പം നിന്ന് ആൺ പെൺ വ്യത്യാസമന്യേ ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം അടുത്തെത്തിയപ്പോൾ കൂടെ വിവാഹിതയാവുന്ന വരന്റെ പെങ്ങളുടെ വിവാഹ ചെലവു കൾക്ക് പത്ത് ലക്ഷം രൂപ വരന്റെ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നുവത്രെ. നിങ്ങൾ നൽകാനുള്ള സ്വർണം പെൺകുട്ടിക്ക് നൽകേണ്ടെന്നും അത് പിന്നീട് ഞങ്ങൾ വാങ്ങി നൽകാമെന്നും പറഞ്ഞാണത്രെ പണം ആവശ്യപ്പെട്ടത്. അതിനാൽ സ്വർണം വാങ്ങാൻ കരുതി വച്ച അഞ്ചു ലക്ഷം വരന്റെ വീട്ടുകാർക്ക് നൽകുകയായിരുന്നുവെന്ന് മഹമൂദ് പറഞ്ഞു.

പിന്നീട് ബാക്കി അഞ്ചുലക്ഷം ആവശ്യപ്പെട്ടെത്തിയ വീട്ടുകാർ പണം ഉടൻ നൽകണമെന്നും അല്ലാത്തപക്ഷം കല്യാണത്തിൽ നിന്നും പിൻമാറുമെന്നും അറിയിച്ചതായി അദ്ദേഹം പറഞ്ഞു. അത് നൽകാത്തതിന്റെ പേരിൽ പെൺകുട്ടി മാനസിക രോഗിയായതിനാൽ വിവാഹത്തിൽ നിന്നും പിൻമാറുന്നതായി ബന്ധുക്കൾക്കിടയിൽ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരന്റെ വീട്ടുകാർക്കെതിരെ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും ബന്ധുക്കൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പെൺകുട്ടിയുടെ മാതാവ് ഹവ്വമ്മ, സഹോദരൻ ബാതിഷ്, ബന്ധുക്കളായ അബ്ദുൽ സലാം, മുഹമ്മദ് ഹനീഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here