രാജ്യത്തെ കോവിഡ് ബാധിതര്‍ പത്തുലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടയില്‍ 32,695 പുതിയ കേസുകള്‍

0
143

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 32,695 പുതിയ കോവിഡ് 19 കേസുകള്‍. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനടയില്‍ മുപ്പതിനായിരത്തിലധികം പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 606 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. 

ഇതോടെ രാജ്യത്ത്‌ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9,68,876 ആയി ഉയര്‍ന്നു. നിലവില്‍ 3,31,146 പേരാണ് ചികിത്സയിലുള്ളത്‌. 6,12,815 പേര്‍ രോഗമുക്തി നേടി. രോഗബാധിതരായി 24,915 പേരാണ് ഇതുവരെ മരിച്ചത്.

ജൂലായ് 15 വരെ 1,27,39,490 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ബുധനാഴ്ച മാത്രം 3,26,826 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 

ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് 19 കേസുകളില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തുന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. നിലവില്‍ 1,15,346 കേസുകളാണ് ന്യൂഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഇന്ത്യക്ക് തൊട്ടുമുന്നിലുളള ബ്രസീലില്‍ 19,66,748 കേസുകളാണ് സ്ഥിരീകരിച്ചത്. പട്ടികയില്‍ ഒന്നാംസ്ഥാനത്തുളള യുഎസില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34,97,767 ആണ്. 

മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ മരണനിരക്ക് കുറവാണ് എന്നുള്ളതാണ് ആശ്വാസം. ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാംസ്ഥാനത്താണ് ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here