ഡൽഹി കലാപത്തെക്കുറിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദി കാരവൻ; കൂട്ടക്കൊല നടത്തിത്തരാമെന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്രക്ക് പൊലീസുദ്യോഗസ്ഥൻ ഉറപ്പു നൽകി

0
174

ഡൽഹി കലാപക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമമായ ദി കാരവന്റെ അന്വേഷണ റിപ്പോ൪ട്ട്. മൃതദേഹങ്ങൾ കൊണ്ട് തെരുവു നിറക്കാമെന്ന് ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ബി.ജെ.പി നേതാവ് കപിൽ മിശ്രക്ക് ഉറപ്പുനൽകിയെന്ന് ആരോപിച്ച് പ്രദേശവാസിയുടെ പരാതി. ഇതടക്കം നിരവധി പരാതികളിൽ പൊലീസ് കേസെടുത്തില്ല. കപിൽ മിശ്രക്ക് പുറമെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി സത്യപാൽ സിങ്, എം.എൽ.എമാരായ നന്ദ് കിശോ൪ ഗുജ്ജ൪, മോഹൻ സിങ് ബിഷ്ത്ത്, മുൻ എം.എൽ.എ ജഗ്ദീഷ് പ്രധാൻ എന്നിവ൪ക്കെതിരായ പരാതികളും പൊലീസ് മുക്കിയെന്നാണ് അന്വേഷണ റിപ്പോ൪ട്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലെഫ് ഗവ൪ണ൪, പൊലീസ് കമ്മീഷണ൪, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവ൪ക്കും ഇതേ പരാതികൾ കൈമാറിയിട്ടുണ്ട്.

കലാപം നടന്ന ഡൽഹി വടക്ക് കിഴക്ക് ജില്ലയിലെ ചാന്ദ് ബാഗ് സ്വദേശി റുബീന ബാനു നൽകിയ പരാതിയിലാണ് പൊലീസിനെതിരെ കടുത്ത ആരോപണമുള്ളത്. ദയാൽ പുരി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണ൪ അനൂജ് കുമാ൪ കൂട്ടക്കൊല നടത്താൻ ഉറപ്പുനൽകിയെന്നാണ് പരാതി. ഇവരുടെ മൃതദേഹങ്ങൾ കൊണ്ട് നാം തെരുവു നിറക്കുമെന്നും തലമുറകളോളം ഇവ൪ക്കിതൊരു ഓ൪മയാകുമെന്നും എ.സി.പി അനൂജ് പറഞ്ഞെത് താൻ കേട്ടെന്ന് റുബീന ആരോപിക്കുന്നു. കപിൽ മിശ്രയുടേതാണെന്ന് പറഞ്ഞ് കീഴുദ്യോഗസ്ഥൻ ഫോൺ കൈമാറിയ ശേഷം നടന്ന സംഭാഷണത്തിലാണ് എ.സി.പി അനൂജ് കുമാ൪ ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരി ഇരുപത്തിനാലിന് ആയുധധാരികളായ സംഘ്പരിവാറുകാരോടൊപ്പം പൗരത്വ സമരക്കാരെ ഒഴിപ്പിക്കാൻ എത്തിയപ്പോഴാണ് സംഭവമെന്ന് ദേശീയ മാധ്യമം ദി കാരവൻ അന്വേഷണ റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു. പരാതി കൈപ്പറ്റിയെന്ന് കാണിച്ച് പൊലീസ് സ്റ്റേഷൻ സീൽ പതിപ്പിച്ച് നൽകിയിട്ടുണ്ടെങ്കിലും റുബീനയുടേതടക്കമുള്ള പരാതികളിൽ പക്ഷെ പൊലീസ് കേസെടുത്തിട്ടില്ല. കപിൽ മിശ്രക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ തനിക്ക് ഭീഷണി നിലനിൽക്കുന്നുണ്ടെന്നും റുബീന ബാനു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here