‘അഫ്രീദിയുമായി അഭിപ്രായ വ്യത്യാസമുണ്ട്, എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ; ഗൗതം ഗംഭീര്‍

0

ശനിയാഴ്ചയാണ്(ജൂണ്‍ 13) പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 ബാധിച്ചത്. അഫ്രീദി തന്നെയാണ് താന്‍ കോവിഡ് പോസിറ്റീവ് ആണെന്ന് ട്വിറ്ററിലൂടെ അറിയിക്കുന്നതും. രോഗശാന്തിക്കു വേണ്ടിയും പിന്തുണ അറിയിച്ചും പാക് ക്രിക്കറ്റ് ഒന്നടങ്കം അഫ്രീദിക്കൊപ്പമുണ്ട്. മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീറും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തി. അഫ്രീദിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് പറഞ്ഞ ഗംഭീര്‍ എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടേയെന്നും വ്യക്തമാക്കി.

“ആര്‍ക്കും വൈറസ് ബാധയേല്‍ക്കരുത്, അഫ്രീദിയുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്, എന്നാല്‍ അതിനേക്കാളുപരി തന്റെ രാജ്യത്തെ കൊറോണ ബാധിതരെല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കാനാണ് ആഗ്രഹിക്കുന്നത്” ഗൗതം ഗംഭീര്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്‍ ആദ്യം സ്വയം നോക്കട്ടേയെന്നും അതോടൊപ്പം അതിര്‍ത്തി കടന്നുള്ള ഭീകരത അവര്‍ അവസാനിപ്പിക്കേണ്ടതാണെന്നും ഗംഭീര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയെ സഹായിക്കാന്‍ സന്നദ്ധമാണെന്ന് പാകിസ്താന്‍ അറിയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘വ്യാഴാഴ്ച്ച മുതല്‍ എനിക്ക് ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞു. വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണം’ എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്.കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ പ്രതിസന്ധിയിലായ പാകിസ്താനികളെ സഹായിക്കാന്‍ അഫ്രീദി ഫൗണ്ടേഷന്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here