സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി

0
331

തിരുവനന്തപുരം (www.mediavisionnews.in):ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരും അംഗീകാരം നല്‍കി. ജൂണ്‍ എട്ടു മുതലാണ് ആരാധനാലയങ്ങള്‍ തുറക്കുക. പരമാവധി നൂറു പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ.

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നത് സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടില്‍ കഴിയണമെന്നാണ് കേന്ദ്രനിര്‍ദേശം. അത് ഇവിടെയും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ആരാധാനാലയങ്ങളിലേക്ക് പായ, വിരിപ്പ് എന്നിവ ആളുകള്‍ തന്നെ കൊണ്ടുവരണം. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെ എത്തുന്നവര്‍ മാസ്‌ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.

ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ അത് ശരിയായി നിര്‍മാര്‍ജനം ചെയ്യണം. രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകളുണ്ടാവണം. കേന്ദ്രം മുന്നോട്ട് വച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പാക്കണം.

എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡിഗ്രി സെല്‍ഷ്യസില്‍ താപനില ക്രമീകരിക്കണം. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് കേള്‍പ്പിക്കണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം.

രോഗപ്പകര്‍ച്ചയുടെ സാധ്യത തടയണം. പ്രസാദവും തീര്‍ത്ഥ ജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഖര ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്റെയും നിലപാട്. അസുഖബാധിതനായ വ്യക്തി ആരാധനാലയത്തില്‍ എത്തിയാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കേന്ദ്ര മാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കും.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നില്ല.

ഇതോടൊപ്പം ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിരുന്നു. റെസ്റ്റോറന്റുകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഇവിടെത്തെ വിളമ്പുകാരും ജീവനക്കാരും മാസ്‌കും കയ്യുറയും ധരിക്കണം. ഷോപ്പിംഗ് മാളുകളില്‍ കയറാനും ഇറങ്ങാനും പ്രത്യേകം വാതില്‍ വേണം. ഫുഡ് കോര്‍ട്ടില്‍ പകുതി സീറ്റുകളിലേ ആള്‍ക്കാരെ ഇരുത്താനാവൂ.

മാളിലെ കുട്ടികള്‍ക്കുള്ള കളിസ്ഥലം അടച്ചിടണം. സിനിമാ തിയേറ്ററുകള്‍ അടഞ്ഞു തന്നെ കിടക്കണം. ഓഫിസുകളില്‍ പരമാവധി സന്ദര്‍ശകരെ ഒഴിവാക്കണം. ഓഫീസുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ പൂര്‍ണമായും അടക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here