പ്രഗ്യ സിങ് താക്കൂറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍, കാന്‍സര്‍ ചികിത്സയിലെന്ന് ബിജെപി

0
181

ഭോപ്പാല്‍: കൊറോണക്കാലത്ത് ഭോപ്പാലിലെ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും എംപിയായ പ്രഗ്യാ സിങ് താക്കൂറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രഗ്യയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളില്‍ ‘ഗംഷുദാ കി തലാഷ്’ (കാണാതായവര്‍ക്കായി തിരയുക) എന്ന് രേഖപ്പെടുത്തിയിരുന്നു.

ഭോപ്പാലില്‍ 1400ഓളം പേര്‍ക്കാണ് കൊറോണ ബാധിച്ചത്. കൊറോണ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും അവരുടെ എംപിയെ എവിടെയും കാണാനില്ലെന്ന് പറയുന്ന പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

”ഇനി വോട്ട് ചെയ്യുന്നതിന് മുമ്പ് വോട്ടര്‍മാര്‍ ഒരുവട്ടം ചിന്തിക്കണം. ഒരു വശത്ത് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ് വോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഴുവന്‍ സമയവും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുകയാണ്. അതേസമയം തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗത്തെ എവിടെയും കാണാനില്ല” എന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമലേശ്വര്‍ പട്ടേല്‍ പറഞ്ഞു.

ദുരിത കാലത്ത് ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത ജനപ്രതിനിധികളെ ഇനി ജനം തിരഞ്ഞെടുക്കരുത്. പ്രഗ്യാ താക്കൂറിനോട് വരാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. അവര്‍ക്ക് ഇപ്പോള്‍ സ്വന്തം സര്‍ക്കാരുണ്ടെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും കമലേശ്വര്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രഗ്യാ സിങിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ബിജെപി വക്താവ് രാഹുല്‍ കോത്താരി രംഗത്തെത്തി. പ്രഗ്യാ താക്കൂര്‍ ഇപ്പോള്‍ കണ്ണിനും കാന്‍സറിനും എയിംസില്‍ ചികിത്സതേടുകയാണ്. പലചരക്ക് സാധന വിതരണം, സാമൂഹിക അടുക്കളയിലൂടെ ഭക്ഷണം വിതരണം തുടങ്ങിയ നിരവധി പ്രവൃത്തികള്‍ അവര്‍ നടത്തുന്നുണ്ടെന്നും കോതാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here