അബുദാബി ക്ഷേത്രത്തിന്റെ തറ നിർമാണത്തിന് ആഘോഷപൂർവതുടക്കം

0
185

അബുദാബി: (www.mediavisionnews.in) അബുദാബി ഹിന്ദുക്ഷേത്രത്തിന്റെ തറ നിര്‍മാണത്തിന് ആഘോഷത്തോടെ തുടക്കമായി. ക്ഷേത്രത്തിന് സിമന്റുകൊണ്ട് അടിത്തറ പാകുന്ന ചടങ്ങാണ് നടന്നത്. അബു മുറൈഖയില്‍ നിര്‍മാണസ്ഥലത്ത് വലിയരീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. നൂറോളം ട്രക്കുകളില്‍നിന്ന് ഒരേസമയമാണ് വലിയ പൈപ്പുകള്‍ ഉപയോഗിച്ച്‌ ഫ്ലൈ ആഷ് സിമന്റ് മിശ്രിതം തറയിലേക്ക് നിറച്ചത്. നൂറുകണക്കിന് തൊഴിലാളികള്‍ 24 മണിക്കൂറും ക്ഷേത്രനിര്‍മാണത്തില്‍ സജീവമാണെന്ന് ബാപ്‌സ് വക്താവ് അറിയിച്ചു. ബാപ്‌സ് സന്ന്യാസിവര്യരും പൗരപ്രമുഖരുമടക്കം നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായിനടന്ന ചടങ്ങില്‍ രാജസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്ര ശില്പനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വീഡിയോ ദൃശ്യങ്ങളിലൂടെ വിശദീകരിച്ചു. ബാപ്‌സിന്റെ മറ്റ് ക്ഷേത്ര നിര്‍മിതികളില്‍നിന്ന് വ്യത്യസ്തമായി ക്ഷേത്രച്ചുവരില്‍ ഒട്ടകങ്ങളുടെ ശില്പവും ഇവിടെ ഇടംപിടിക്കും. മുഴുവന്‍ സെന്‍സര്‍ നിയന്ത്രിതമായ നൂതന സജ്ജീകരണങ്ങളാണ് ക്ഷേത്രത്തിലുണ്ടാവുക. രാജസ്ഥാനിലെ ചുവന്ന കല്ലുകള്‍ ക്ഷേത്രത്തിന്റെ പുറംചുവരുകളെ അലങ്കരിക്കുമ്ബോള്‍ ഇറ്റലിയിലെ തൂവെള്ള മാര്‍ബിളുകള്‍ അകത്തളങ്ങള്‍ക്ക് സൗന്ദര്യം പകരും. ക്ഷേത്രത്തിന്റെ പ്രധാന നിര്‍മിതിക്കുശേഷം ചുറ്റിലും പുണ്യനദികളുടെ സംഗമത്തെ അനുസ്മരിപ്പിക്കുന്ന അരുവികളും സാംസ്കാരികകേന്ദ്രവും ലൈബ്രറിയുമടക്കമുള്ള മറ്റുനിര്‍മിതികളുടെ നിര്‍മാണവും ആരംഭിക്കുമെന്നും ചടങ്ങില്‍ വിശദീകരിച്ചു.

ബാപ്‌സ് ഔദ്യോഗിക വക്താവ് സ്വാമി ബ്രഹ്മവിഹാരിദാസ് അധ്യക്ഷത വഹിച്ചു. ബാപ്‌സിന്റെ മുതിര്‍ന്ന സന്യാസിവര്യനും എന്‍ജിനിയറുമായ അക്ഷയ് മുനിദാസ്, യു.എ.ഇ. ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, ദുബായ് കോണ്‍സല്‍ ജനറല്‍ വിപുല്‍, യു.എ.ഇ. സാമൂഹികവികസനവകുപ്പ് സി.ഇ.ഒ. ഡോ. ഒമര്‍ അല്‍ മുത്താന, ക്ഷേത്രനിര്‍മാണം നടത്തുന്ന സ്ഥാപനമായ ഷാപൂര്‍ജി പല്ലോന്‍ജി ആന്‍ഡ്‌ കമ്ബനി ലിമിറ്റഡ് എം.ഡി. മോഹന്‍ദാസ് സെയ്‌നി, ബാപ്‌സ് ഹിന്ദു മന്ദിര്‍ ട്രസ്റ്റിമാരായ രോഹിത് പട്ടേല്‍, യോഗേഷ് മെഹ്ത എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here