ഈ രാജ്യത്ത് എന്താണ് നടക്കുന്നത്, വിധികള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കോടതികള്‍ അടച്ച് പൂട്ടുന്നതാണ് നല്ലത്; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

0
340

ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്ര സര്‍ക്കാറിന് നല്‍കാനുള്ള പിഴത്തുക അടക്കാത്തതില്‍ ടെലികോം കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി സുപ്രീം കോടതി. കോടതി ഉത്തരവ് പ്രകാരം പിരിക്കേണ്ട പണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിരിക്കുന്നില്ലെന്നും പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും ഇക്കാര്യം സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് എം ആര്‍ ഷാ യും അടങ്ങുന്ന ബെഞ്ചിന്റേതാണ് വിമര്‍ശനം.

കോടതി ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കോടതി തന്നെ അടച്ച് പൂട്ടുന്നതാണ് നല്ലതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. അഴിമതി തുടച്ച് നീക്കാനുള്ള ശ്രമമാണ് തന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാല്‍ ജുഡീഷ്യല്‍ വ്യവസ്ഥയില്‍ ബഹുമാനം ഇല്ലാത്തവര്‍ ഈ രാജ്യത്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടികാട്ടി. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ആരാഞ്ഞു. ഈ നാട്ടില്‍ ഒരു നിയമവും നിലനില്‍ക്കുന്നില്ലേ എന്നും എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നതെന്നും സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥന് കോടതി ഉത്തരവ് സ്റ്റേ ചെയ്യാനുള്ള അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. കോടതിയില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു. മാത്രമല്ല, ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ ടെലികോം കമ്പനി മേധാവികളോട് വിശദീകരണം നല്‍കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വേണ്ടിയാണ് കോടതി ഇത് സംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് അയച്ചത്.പണമടച്ചില്ലെങ്കില്‍ ടെലികോം കമ്ബനികളുടെ സി എം ഡി മാരോടും, ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരോടും 17 ന് നേരിട്ട് ഹാജര്‍ ആകാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നിവരെ കൂടാതെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലിസര്‍വീസസ് എന്നിവരാണ് പിഴത്തുകയില്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. പിഴത്തുകയായ 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ അടക്കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി 23 ആണ് പിഴത്തുക ഒടുക്കാനായി കോടതി നിര്‍ദ്ദേശിച്ച അവസാന തീയതി.

LEAVE A REPLY

Please enter your comment!
Please enter your name here