ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു

0
168

മസ്‌ക്കറ്റ്: (www.mediavisionnews.in) ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതനായിരുന്നു. ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുല്‍ത്താണ് ഖാബൂസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു . നാല്പത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തി കെട്ടും.

ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്. 

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്. ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലര്‍ത്തിപ്പോന്നു.

ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനികയുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി.

ഒമാന്‍ ഓരോ മേഖലയിലും വളരുന്ന കാഴ്ചയാണ് പിന്നെ ലോകം കണ്ടത് . വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികം, ആരോഗ്യം, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളിലെല്ലാം ഒമാന്‍ ഇക്കാലയളവില്‍ വലിയ വളര്‍ച്ച നേടി. അറബ് ലോകത്തെ സമാധാന ദൂതന്‍ കൂടിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്. നേരത്തെ അമേരിക്ക ഇറാന്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ സുല്‍ത്താന്‍ ഖാബൂസ് ഇടപെട്ടു സമാധാനം ഉറപ്പ് വരുത്തി. സ്വദേശികള്‍ക്ക് പുറമെ  ഒമാനിലെ ലക്ഷകണക്കിന് വരുന്ന മലയാളികള്‍ ഉള്‍പെടുന്ന പ്രവാസി സമൂഹത്തിന്  ഏറ്റവും  ജീവിത സൗകര്യങ്ങള്‍ ഉറപ്പ് വരുത്തി സുല്‍ത്താന്‍ ഖാബൂസ് . ഏറ്റവും പ്രിയ്യപ്പെട്ട ഭരണാധികാരിയെയാണ് ഒമാന്‍ ജനതയ്ക്കു ഇപ്പോള്‍  നഷ്ടമായിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here