രാഹുല്‍ ഗാന്ധിക്ക് കോടതിയലക്ഷ്യമില്ല; ‘ചൗകീദാര്‍ ചോര്‍ ഹേ’ കുറ്റമല്ലെന്ന് സുപ്രീംകോടതി; ‘ജാഗ്രത പാലിക്കണം’

0
174

ന്യൂദല്‍ഹി: (www.mediavisionnews.in) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ പരാതിയാണ് തള്ളിയത്.

ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കോടതി രാഹുലിനോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു വാദിച്ച് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലേഖിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി രംഗത്തെത്തുകയും സുപ്രീംകോടതിയോട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, റഫാല്‍ കേസില്‍ പുനഃപരിശോധന ഇല്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പുനഃപരിശോധന ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീംകോടതി തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14-ലെ വിധി നിലനില്‍ക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ, ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറില്‍ പുനഃപരിശോധന വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

റഫാലിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് അനുകൂലമാണെന്നും സുപ്രീം കോടതിയുടെ ഡിസംബര്‍ 14ലെ വിധിയില്‍ അപാകതയൊന്നും ഇല്ലായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here