ഉത്തേജക പാക്കേജുകള്‍ക്ക് പിന്നാലെ ആദായനികുതിയിലും ഇളവ് നല്‍കാനൊരുങ്ങി കേന്ദ്രം

0
169

ന്യൂഡൽഹി (www.mediavisionnews.in) :സാമ്പത്തിക ഞെരുക്കം മറികടക്കാനും മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ ശേഷി കൂട്ടാനുമായി ആദായനികുതി സ്ലാബുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നാലാഴ്ചയ്ക്കിടെ നാല് ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആദായനികുതിയിലും ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. വ്യവസായ മേഖലയ്ക്കു കരുത്തേകാന്‍ കഴിഞ്ഞദിവസം കോര്‍പറേറ്റ് നികുതി കുറച്ചിരുന്നു.

ആദായനികുതി പരിഷ്‌കരിക്കാനുള്ള ഡയറക്ട് ടാക്സ് കോഡ് (ഡിടിസി) ടാസ്‌ക് ഫോഴ്സിന്റെ നിര്‍ദേശങ്ങളാകും നടപ്പാവുകയെന്നാണു സൂചന. അഞ്ചു ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവരുടെ നികുതി സ്ലാബ് 10 ശതമാനമായി കുറയ്ക്കണമെന്നതാണു പ്രധാന നിര്‍ദേശം. നിലവില്‍ ഈ സ്ലാബിലുള്ളവര്‍ക്ക് 20% ആണു നികുതി. സെസ്, സര്‍ചാര്‍ജ് തുടങ്ങിയ നികുതിഭാരങ്ങള്‍ നീക്കണമെന്നും നിര്‍ദേശമുണ്ട്. ഉയര്‍ന്ന നികുതി 30 ശതമാനത്തില്‍ നിന്ന് 25% ആയും കുറച്ചേക്കും.

നിലവില്‍, മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5%, അഞ്ചു മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ക്ക് 20%, 10 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30% എന്നിങ്ങനെയാണ് ആദായനികുതി. 2.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ല. 2017 നവംബറിലാണു ടാസ്‌ക് ഫോഴ്‌സിനെ സര്‍ക്കാര്‍ നിയമിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നു സമിതി റിപ്പോര്‍ട്ട് നല്‍കി. ഉത്തരേന്ത്യയിലെ ഉത്സവ സീസണായ ദീപാവലിക്കു മുന്‍പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണു കരുതുന്നത്.

ആദായനികുതി നിരക്ക് കുറയുന്നതോടെ ജനത്തിന്റെ കൈവശം കൂടുതല്‍ പണമുണ്ടാകുമെന്നും ഇതു വിപണിയിലേക്ക് ഇറങ്ങുമെന്നുമാണു സര്‍ക്കാര്‍ കണക്കൂകൂട്ടുന്നത്. യുപിഎ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിയിലെ കൂലിനിരക്ക് കൂട്ടിയും പദ്ധതിത്തുക വര്‍ധിപ്പിച്ചും ഗ്രാമീണരുടെ കയ്യില്‍ കൂടുതല്‍ പണമെത്തിക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്കില്‍ (ആര്‍ബിഐ) നിന്നു 30,000 കോടി രൂപ കൂടി ഇടക്കാല ലാഭവിഹിതം ആവശ്യപ്പെടാനും സര്‍ക്കാര്‍ ആലോചിക്കുന്നു.

കരുതല്‍ധനത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രത്തിനു നല്‍കാന്‍ നേരത്തേ ആര്‍ബിഐ തീരുമാനിച്ചിരുന്നു. വളര്‍ച്ചാനിരക്ക് 5% ആയി ഇടിഞ്ഞതും നികുതിപിരിവു കുറഞ്ഞതും വിവിധ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചതും സര്‍ക്കാരിന്റെ സാമ്പത്തികഭാരം കൂട്ടിയിട്ടുണ്ട്. കോര്‍പറേറ്റ് നികുതിയിളവുകളിലൂടെ മാത്രം 1.45 ലക്ഷം കോടിയാണു വരുമാന നഷ്ടം. ബാധ്യത നേരിടാന്‍ പൊതുമേഖലാ ഓഹരിവില്‍പന, ദേശീയ ചെറുകിട നിക്ഷേപ പദ്ധതികളിലെ തുകയുടെ വിനിയോഗം എന്നീ മാര്‍ഗങ്ങളും പരിഗണിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here