പാലായിൽ ചരിത്രമെഴുതി മാണി സി.കാപ്പൻ; 54 വർഷത്തിനു ശേഷം പുതിയ എംഎൽഎ

0
145

പാലാ (www.mediavisionnews.in): കേരള കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത് പാലായില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്എല്‍.ഡി.എഫിലെ മാണി സി. കാപ്പന്‍ കേരള കോണ്‍ഗ്രസിലെ ജോസ് ടോമിനെ അട്ടിമറിച്ച് ചരിത്ര വിജയം നേടിയത്.

1965 മുതല്‍ കെ.എം മാണിയുടെ കയ്യില്‍ സുഭദ്രമായിരുന്ന പാലാ മണ്ഡലം കേരള കോണ്‍ഗ്രസിനെ കൈവിട്ടു. പാര്‍ട്ടിയിലെ തര്‍ക്കം മൂലം രണ്ടില ചിഹ്നമില്ലാതെ മല്‍സരിച്ച ജോസ് ടോമിനെ എല്‍.ഡി.എഫിലെ കാപ്പന്‍ അട്ടിമറിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ മാണി സി. കാപ്പന്‍ ആധിപത്യം നിലനിര്‍ത്തി. ആദ്യം എണ്ണിയ രാമപുരത്ത് 751 വോട്ടുകളുടെ ഭൂരിപക്ഷം കാപ്പന് ലഭിച്ചതോടെ തന്നെ അട്ടിമറി മണത്തു. കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളിലും നല്ല ലീഡ് നിലനിര്‍ത്തിയതോടെ പാലായുടെ രാഷ്ട്രീയ ചരിത്രം തിരുത്തുന്ന വിജയം കാപ്പന്‍ ഉറപ്പിച്ചു.

കടനാട് 870 ഉം ഭരണങ്ങാനത്ത് 807 ഉം വോട്ടുകളുടെ ഭൂരിപക്ഷം എല്‍.ഡി.എഫിന് ലഭിച്ചു. മുത്തോലി , കൊഴുവനാല് ,ഭരണങ്ങാനം, മീനച്ചില്‍ തുടങ്ങിയ കേരള കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിള്‍ യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായി. എല്ലാ അഭിപ്രായ സര്‍വേകളും കേരള കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. ഇതിനെയെല്ലാം അപ്രസക്തമാക്കിയാണ് മാണി സി കാപ്പന്‍ അത്ഭുത വിജയം നേടിയത്.

വിജയം പ്രവചിച്ച ജോസ് ടോമിനെ അട്ടിമറിച്ച് മാണി സി കാപ്പന്‍ സ്വന്തമാക്കിയ വിജയം കേരള കോണ്‍ഗ്രസിന്റെയും കേരളത്തിന്റെയും രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ പോന്നതാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here