‘നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തി’; മോദി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഹോണ്ട മോട്ടോര്‍സ്

0
180

ന്യൂദല്‍ഹി (www.mediavisionnews.in) : ഇന്ത്യന്‍ വ്യവസായ രംഗം നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയിലേക്ക് കടന്നുവെന്നും അടുത്ത രണ്ട് വര്‍ഷങ്ങളിലും ഇത് തുടരുമെന്നും ഹോണ്ട മോട്ടോര്‍സ്. ഉയര്‍ന്ന വിലയും കാര്‍ഷിക സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയും കുറഞ്ഞ ശമ്പള വളര്‍ച്ചയും ഉപഭോക്താവിനെ തളര്‍ത്തി. ഇത് 2020 സാമ്പത്തിക വര്‍ഷത്തെയും ബാധിക്കുമെന്നും ഹോണ്ട പറയുന്നു.

ഇന്ത്യന്‍ വിപണിയുടെ അടിസ്ഥാന കാര്യങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തളര്‍ച്ചയിലാണ്. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പിലാക്കിയത്, സാമ്പത്തിക ഞെരുക്കം, മറ്റ് കാര്യങ്ങള്‍ എന്നിവയാണ് അതിനുള്ള കാരണം. എന്നാല്‍ ദീര്‍ഘകാലത്തേക്കുള്ള വളര്‍ച്ചക്കുള്ള അടിസ്ഥാന കാര്യങ്ങള്‍ ശക്തമാണ്.- ഹോണ്ട മോട്ടോര്‍സ് ഇന്ത്യ എം.ഡി മിനോറു കാറ്റോ പറഞ്ഞു.

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി കഴിഞ്ഞ ഏഴുമാസമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം ഇടിവാണ് മേഖലയില്‍ നേരിട്ടത്.

ഹോണ്ട സ്‌കൂട്ടറിന്റെ വില്‍പ്പന 21 ശതമാനമാണ് ഇടിഞ്ഞത്. മോട്ടോര്‍ സൈക്കിള്‍ മേഖലയില്‍ 13 ശതമാനം ഇടിവും ഉണ്ടായി.

കൊമേര്‍സ്യല്‍ വാഹന മാര്‍ക്കറ്റും തകര്‍ച്ചയിലാണ്. വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് നിര്‍മാണ സംവിധാനങ്ങള്‍ അടച്ചുപൂട്ടുമെന്ന് ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ് പറഞ്ഞു.

സെപ്റ്റംബര്‍ ആറു ഏഴ് മുതല്‍ സെപ്റ്റംബര്‍ പത്ത് പതിനൊന്ന് വരെ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ച് കമ്പനി തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. 2019 ആഗസ്റ്റില്‍ അശോക് ലെയ്ലന്‍ഡിന്റെ വാഹന വില്‍പ്പനയില്‍ 50% ഇടിവ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അഞ്ച് ദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് പ്ലാന്റിലെ 3000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 5000 തൊഴിലാളികളെ ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ചു ദിവസത്തേക്കുള്ള കൂലി പിന്നീട് തീരുമാനിക്കുമെന്നാണ് അവര്‍ അറിയിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here