സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം

0
198

സൗദി (www.mediavisionnews.in) സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ യെമനില്‍ നിന്ന് ഹൂതി വിമതരുടെ മിസൈലാക്രമണം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൗദി ഔദ്യോഗിക മാധ്യമം മിലിട്ടറി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

അബഹ വിമാനത്താവളത്തിന് നേരെ അടുത്തിടെയുണ്ടാവുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂണ്‍ 12ന് നടന്ന ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൂതികളുടെ ഭാഗത്ത് നിന്നും സൗദിയ്ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ തലസ്ഥാന നഗരമായ റിയാദിലെ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും ഹൂദൈദയില്‍ നിന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം സൗദി ഇത് നിഷേധിക്കുകയാണുണ്ടായത്.

ജിസാന്‍ വിമാനത്താവളത്തിന് നേരെ 10 തവണ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും ഹൂതികള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് റിയാദിനെയും ലക്ഷ്യം വെച്ചതായി ഹൂതികള്‍ അവകാശപ്പെട്ടത്. യെമനില്‍ നിന്നുള്ള ആറ് മിസൈലുകള്‍ തടഞ്ഞതായി സൗദി ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here