സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 3000 താല്‍ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കില്ലെന്ന് മാരുതി

0
212

ന്യൂദല്‍ഹി (www.mediavisionnews.in)  : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ വാഹന നിര്‍മാതാക്കളായ മാരുതി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചു. ഇത് കമ്പനിയ്ക്ക് താങ്ങാനാവുന്നതല്ലെന്ന് ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗത്തില്‍ ഭാര്‍ഗവ വ്യക്തമാക്കി.

ഇതിനാല്‍ 3000 താല്‍ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം. അതേസമയം ഈ വര്‍ഷം 50 ശതമാനം സി.എന്‍.ജി വാഹനങ്ങളാണ് പുറത്തിറക്കാന്‍ മാരുതി ഒരുങ്ങുന്നതെന്നും ഭാര്‍ഗവ പറഞ്ഞു.

നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. അശോക് ലെയ്ലാന്റ്, ടി.വി.എസ്, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു.

തുടര്‍ച്ചയായ പത്ത് മാസങ്ങളിലെ വാഹന വില്‍പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വാഹന വില്‍പ്പനയില്‍ സമീപ വര്‍ഷങ്ങളില്‍ വന്‍ ഇടിവാണ് ഉണ്ടാവുന്നത്. ഇതോടെ ഉല്‍പാദനം കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം.

ഹീറോ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടാറ്റയുടെ ജംഷഡ്പൂരിലെ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. ഈ മാസംതന്നെ മൂന്നാം തവണയാണ് ടാറ്റയുടെ പ്ലാന്റുകള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്.

ടാറ്റാ മോട്ടോഴ്സ് ഉല്‍പാദനം ഗണ്യമായി കുറയ്ക്കുമെന്ന് അറിയിച്ചു. ഷിഫ്റ്റുകളനുസരിച്ച് കരാര്‍ ജീവനക്കാരെ ഒഴിവാക്കും. ടി.വി.എസിന്റെ സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാണ ശാലകളില്‍ പ്രവൃത്തി രഹിത ദിനങ്ങള്‍ പ്രഖ്യാപിച്ചു. ബോഷ് തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികള്‍ 13 ദിവസം അടച്ചിടും.

സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണമേഖലയില്‍ 11 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പത്ത് വാഹനനിര്‍മ്മാണ ഹബ്ബുകളിലൊന്നായ ചെന്നൈയില്‍ രണ്ട് മാസത്തിനിടെ അയ്യായിരം തൊഴിലാളികളെ പിരിച്ചുവിട്ടു.

ജൂലൈയില്‍ വാഹന വില്‍പ്പന വിപണിയില്‍ 19 ശതമാനമാണ് ഇടിവ്. നിര്‍മാണത്തിലും 11 ശതമാനം കുറവുണ്ടായി. കാര്‍ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 31 ശതമാനമാണ് ഇടിവ്. മാന്ദ്യം രൂക്ഷമായ കഴിഞ്ഞ നാലുമാസത്തിനിടെ 226 വില്‍പനശാലകള്‍ അടച്ചിട്ടു. ഇതുവഴി രാജ്യത്തൊട്ടാകെ മൂന്നര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

2000 ഡിസംബറിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ചെറുകിട കാറുകളുടെ വില്‍പ്പനയിലാണ് മാന്ദ്യം രൂക്ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അത്യാഢംബര വാഹനങ്ങളുടെ വില്‍പനയില്‍ കുറവില്ല.

ആഭ്യന്തര വാഹനവില്‍പനയില്‍ കുറവ് വന്നതിനോടൊപ്പം സ്‌കൂട്ടര്‍,മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവയുടെ വിദേശ കയറ്റുമതിയും കുറഞ്ഞതായി ടി.വി.എസ് മോട്ടോര്‍ കമ്പനി കേന്ദ്രങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഏഴ് ശതമാനം മോട്ടോര്‍വാഹന നിര്‍മാണ മേഖലയില്‍നിന്നാണ്. വിപണി പിടിച്ചുനിര്‍ത്തുന്നതില്‍ വാഹനമേഖലയ്ക്ക് നിര്‍ണായക പങ്കാണുള്ളത്.

ആഗോള സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന തകര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ ഒരുവര്‍ഷത്തിനിടെ മുന്നൂറോളം ഡീലര്‍മാര്‍ ഷോറൂമുകള്‍ അടച്ചുപൂട്ടിയെന്നും 2.3 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായെന്നുമാണ് കണക്കാക്കപ്പെടുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here