കാസർകോട്‌‐ മംഗളൂരു ദേശീയപാത നന്നാക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ

0
214

കാസർകോട്‌: (www.mediavisionnews.in) വാഹനങ്ങളും യാത്രക്കാരും സഹസിക യാത്ര നടത്തുന്ന  കാസർകോട്‌‐ മംഗളൂരു  ദേശീയപാത നന്നാക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ. തലപ്പാടി മുതൽ കുമ്പള പെർവാഡ്‌ വരെ ദേശീയപാത റീ ടാർ ചെയ്യാൻ 12 കോടി രൂപ അനുവദിച്ചു. ദേശീയപാത അതോറിറ്റി മുഖേനയാണ്‌ തുക ലഭ്യമാക്കിയത്‌. കുമ്പള മുതൽ കാലിക്കടവ്‌ വരെ ദേശീയപാത അറ്റകുറ്റ പണി നടത്തുന്നതിന്‌ രണ്ടര കോടി രൂപയുടെ എസ്‌റ്റിമേറ്റ്‌  പൊതുമരാമത്ത്‌ വിഭാഗം സംസ്ഥാന സർക്കാരിന്‌ നൽകിയിട്ടുണ്ട്‌. റൊഡിലെ കുഴി അടക്കുന്ന പ്രവൃത്തിയാണ്‌ നടക്കുക. ഉടൻ ഭരണാനുമതി ലഭിക്കും.

തലപ്പാടി- ഉപ്പള, ഉപ്പള- കുമ്പള പെർവാഡ്‌ റീച്ചുകളിൽ കുഴി അടച്ച്‌ അടിത്തറ ബലപ്പെടുത്തിയാണ്‌ റോഡ്‌ റീ ടാർ ചെയ്യുക. തലപ്പാടി- ഉപ്പള റീച്ചിൽ ടെൻഡർ പൂർത്തിയായി 6.60 കോടി രൂപയുടെ പ്രവൃത്തിക്ക്‌ കരാറായി. പത്ത്‌ ദിവസത്തിനകം പ്രവൃത്തി തുടങ്ങും. ഇവിടെ റീടാറിങ്ങിന്‌ മാത്രമാണ്‌ ദേശീയപാത അതോറിറ്റി തുക അനുവദിച്ചിട്ടുള്ളത്‌. കുഴി അടച്ച്‌ അടിത്തറ ബലപ്പെടുത്തൽ കരാറുകാരന്റെ അധിക ബാധ്യതയാകും.  ഇതിന്‌ മാത്രം 80 ലക്ഷം രൂപ ചെലവ്‌ വരുമെന്നാണ്‌ കണക്കാക്കുന്നത്‌.  ഉപ്പള–- കുമ്പള പെർവാഡ്‌  റീച്ചിൽ 5.40 കോടി രൂപയുടെ ചെലവ്‌ വരും.  ഇവിടെ രണ്ടാഴ്‌ചക്കകം പ്രവൃത്തി തുടങ്ങും. പെർവാഡ്‌ മുതൽ കാലിക്കടവ്‌ വരെയുള്ള അറ്റകുറ്റ പണിക്ക്‌ കേന്ദ്ര  സർക്കാർ പണം അനുവദിക്കാത്തതിനാൽ സംസ്ഥാന സർക്കാരാണ്‌ നൽകുക. കുഴി അടക്കലാണ്‌ പ്രവൃത്തി. ഇതിനുള്ള ഭരണാനുമതി ഉടൻ ലഭിക്കും. പ്രവൃത്തി അടുത്ത മാസം തുടങ്ങും. കേന്ദ്രം ഫണ്ട്‌ നൽകിയത്‌.

 5 വർഷം മുമ്പ്‌; താങ്ങായത്‌ സംസ്ഥാന സർക്കാർ ദേശീയപാത ആറുവരിയായി വികസിക്കുന്നതിന്റെ കാരണം പറഞ്ഞാണ്‌ കേന്ദ്ര സർക്കാർ അറ്റക്കുറ്റ പണിക്കും റീ ടാറിങ്ങിനും പണം അനുവദിക്കാതിരുന്നത്‌. തലപ്പാടി മുതൽ കാലിക്കടവ്‌ വരെയുള്ള 86 കിലോ മീറ്റർ ദേശീയപാതയിൽ 31 കിലോ മീറ്റർ റോഡ്‌ മാത്രമാണ്‌ 2014 ൽ റീ ടാർ ചെയ്‌തത്‌.  ചട്ടഞ്ചാൽ മുതൽ നീലേശ്വരം വരെയാണിത്‌. ബാക്കിയുള്ള 55 കിലോമീറ്റർ റോഡിന്‌ വിവിധ റീച്ചുകളിലായി  അഞ്ചും ആറും ഏഴും വർഷം മുമ്പാണ്‌ കേന്ദ്ര സർക്കാർ പണം അനുവദിച്ചത്‌. റോഡ്‌ യഥാസമയം നന്നാക്കാൻ ദേശീയപാത അതോറിറ്റി പണം അനുവദിക്കാത്തതിനാൽ സംസ്ഥാന സർക്കാർ പണം ഉപയോഗിച്ചാണ്‌ കുഴി അടച്ചതും അറ്റക്കുറ്റ പണി നടത്തിയതും. കഴിഞ്ഞ വർഷം അപേക്ഷപിച്ച ഫണ്ടാണ്‌ ഇത്തവണ റീ ടാറിന്‌ ലഭിച്ചത്‌. അതും കുഴി അടച്ച്‌ റോഡിന്റെ അടിത്തറ ബലപ്പെടുത്താനുള്ള തുക ഉൾപ്പെടുത്താതെയാണ്‌ 12 കോടി അനുവദിച്ചത്‌.   റോഡല്ല;  ഗർത്തം     

യഥാസമയം കുഴി അടച്ച്‌ റീ ടാർ ചെയ്യാത്തതിനാൽ ദേശീയപാതയിൽ എങ്ങും അപകട കുഴികളാണ്‌. പലയിടത്തും ഗർത്തങ്ങളാണ്‌. കാസർകോട്‌ നിന്ന്‌ പുറപ്പെടുന്ന വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത്‌ എത്തണമെങ്കിൽ മണിക്കൂറുകൾ വൈകും. മംഗളൂരുവിലെ ആശുപത്രികളിലേക്ക്‌  രോഗികളുമായി പോകുന്ന ആംബുലൻസുകൾ നിരവധി അപകട മുനമ്പുകൾ കടന്ന്‌ വേണം എത്താൻ. അത്യാസന്ന നിലയിലുള്ള രോഗികളുടെ യാത്ര പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥയിലാണ്‌. കാസർകോട്‌ നിന്ന്‌ യാത്ര പുറപ്പെട്ടാൽ അടുക്കത്ത്‌ബയൽ, മൊഗ്രാൽ, ആരിക്കാടി,  ഉപ്പള, മഞ്ചേശ്വരം പാലത്തിന്‌ സമീപം, ഗോവിന്ദ പൈ കോളേജിന്‌ സമീപം, മഞ്ചേശ്വരം പെട്രോൾ പമ്പ്‌,  തുമിനാട്‌, ഉദ്യാവർ, തലപ്പാടി എന്നിവിടങ്ങളിൽ റോഡ്‌ പൂർണമായും തകർന്നിട്ടുണ്ട്‌. കേരള, കർണാടക കെഎസ്‌ആർടിസി  ബസുകൾ സർവീസ്‌ നടത്താൻ പ്രയാസപ്പെടുന്നു. നേരത്തെ ഒന്നര മണിക്കൂർ കൊണ്ട്‌ മംഗളൂരുവിലെത്തിയിരുന്ന ബസിന്‌ ഇപ്പോൾ രണ്ട്‌ മണിക്കൂറിൽ അധികം വേണം. വാഹനത്തിന്റെ പാർട്‌സുകൾ നശിച്ച്‌ വലിയ നഷ്ടമുണ്ടാകുന്നു.  ജീവനകാർക്ക്‌ അധ്വാനഭാരവും കൂടുന്നു. 130 വനിതാ കണ്ടക്ടർമാർ ജോലിചെയ്യുന്ന കേരള കെഎസ്‌ആർടിസിയിൽ കൂടുതൽ സമയമെടുക്കുന്നതിനാൽ ഡ്യൂട്ടി കഴിയുമ്പോൾ അർധരാത്രിയാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here