സാക്കിര്‍ നായിക്കിന് ഇനി മലേഷ്യയില്‍ പ്രസംഗിക്കാനാവില്ല; പൂര്‍ണവിലക്കുമായി സര്‍ക്കാര്‍; വിമര്‍ശിച്ച് പ്രധാനമന്ത്രിയും

0
146

ക്വാലാലംപൂര്‍: (www.mediavisionnews.in) മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പത്ത് മണിക്കൂറിലേറെ നേരം പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യയിലെ ഒരിടത്തും ഇനി സാക്കിര്‍ നായിക്കിന് പ്രസംഗിക്കാനാവില്ല.

മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ, പെര്‍ലിസ്, സരാവക് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ നായികിന്റെ മതപ്രഭാഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

രാജ്യസുരക്ഷയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നടപടിയെന്ന് ദ റോയല്‍ മലേഷ്യ പൊലീസ് കമ്യണിക്കേഷന്‍ തലവന്‍ ദതുക് അസ്മാവതി പറഞ്ഞു. ” എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും അത്തരമൊരു നിര്‍ദേശം കൈമാറിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കും വംശീയ ഐക്യം സംരക്ഷിക്കാനും കൂടി വേണ്ടിയാണ് തീരുമാനം”- അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക്ക് വംശീയ പരാമര്‍ശം നടത്തിയത്.

‘പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമര്‍ശം.

സാക്കിര്‍ നായിക്കിന്റെ പരാമര്‍ശനത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് അടക്കം രംഗത്തെത്തിയിരുന്നു.

നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണിതെന്നായിരുന്നു മഹാതിര്‍ മുഹമ്മദ് പറഞ്ഞത്. വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാല്‍, അയാളതല്ല ചെയ്യുന്നത്.

രാജ്യത്ത് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് നേരത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നിലപാടെടുത്തിരുന്നു. ജീവന്‍ അപകടത്തിലായ സാഹചര്യത്തില്‍ അദ്ദേഹം മലേഷ്യയില്‍ തന്നെ തുടരുമെന്നായിരുന്നു പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദ് പറഞ്ഞത്.

”അദ്ദേഹം ഇന്ന് ഇവിടെയുണ്ട്, എന്നാല്‍ ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയാണ്.”- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

സാക്കിര്‍ നായികിനെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് മലായ് പ്രധാനമന്ത്രിയേക്കാള്‍ വിശ്വാസവും കൂറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിര്‍ നായികിന്റെ പ്രസ്താവന വിവാദമായിരുന്നു.

ഇതിന് പിന്നാലെയായിരുന്നു സാക്കിര്‍ നായിക്കിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്ന് മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രി എം കുലശേഖരന്‍ ആവശ്യപ്പെത്.

മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിന് പ്രേരിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇന്ത്യയില്‍ കേസെടുത്തതോടെയാണ് 2016 ല്‍ സാക്കിര്‍ നായിക്ക് മലേഷ്യയിലേക്ക് കടന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here