ഉപ്പള ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു; ട്രാഫിക് സിഗ്നലും ഡിവൈഡറുകളും സ്ഥാപിക്കണമെന്ന് ആവശ്യം

0
190

മഞ്ചേശ്വരം:(www.mediavisionnews.in) താലൂക്ക് ആസ്ഥാനമായ ഉപ്പള ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഗതാഗതതടസ്സംമൂലം ടൗണിലെത്തുന്നവരും വിദ്യാർഥികളും യാത്രക്കാരുമെല്ലാം ദുരിതത്തിലാണ്. ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായ സംവിധാനമില്ലാത്തത് പ്രശ്നം സങ്കീർണമാക്കുന്നു.

വാഹന പാർക്കിങിന് സൗകര്യമില്ലാത്തതും ടൗണിൽ റോഡിന് ഇരുവശത്തും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതുമെല്ലാം ഗതാഗത തടസ്സത്തിന് കാരണമാകുന്നു. പൈവളിഗെ, മീഞ്ച, മംഗൽപ്പാടി, മഞ്ചേശ്വരം പഞ്ചായത്തുകളുടെ പ്രധാന വാണിജ്യകേന്ദ്രംകൂടിയാണ് ഉപ്പള ടൗൺ.

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനംകൂടിയായ ഇവിടെ സർക്കാർ സേവനങ്ങൾക്കും റെയിൽവേ സ്റ്റേഷനിലേക്കുമെല്ലാമായി നൂറുകണക്കിനാളുകളാണ് ദിനംപ്രതി എത്തിച്ചേരുന്നത്. ഉപ്പള ബസ്‌സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വാഹങ്ങൾക്ക് തിരിച്ച് ദേശീയപാതയിലേക്ക് കടക്കണമെങ്കിൽ പലപ്പോഴും ഏറെനേരം കാത്തുനിൽക്കേണ്ടിവരുന്നു.

തിടുക്കപ്പെട്ട് പോകാൻശ്രമിച്ചാൽ പിന്നെ ഏറെനേരം ഗതാഗതക്കുരുക്കാകും. കൈക്കമ്പ ജങ്ഷൻമുതൽ ഉപ്പള ബസ്‌സ്റ്റാൻഡുവരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. മിക്കദിവസങ്ങളിലും രാവിലെയും വൈകീട്ടും ഗതാഗതസ്തംഭനം പതിവാണ്. രോഗികളെയുംകൊണ്ട്‌ പോകുന്ന ആംബുലൻസുകളും സ്കൂൾവാഹനങ്ങളും കുരുക്കിൽപ്പെട്ട് വലയുന്നു.

വാഹനത്തിരക്ക് കാരണം കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനും പ്രയാസമാണ്. ഗതാഗത തടസ്സമുണ്ടാകുമ്പോൾ പോലീസും നാട്ടുകാരും ചേർന്നാണ് പലപ്പോഴും നിയന്ത്രിക്കുന്നത്. ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുകയൊ ഡിവൈഡറുകൾ സ്ഥാപിക്കുകയൊ ചെയ്താൽമാത്രമേ ഇതിന് പരിഹാരമാകൂ.

ട്രാഫിക് സിഗ്നൽ സ്ഥാപിക്കണം

കെ.ഐ മുഹമ്മദ്റഫീഖ് (വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് )

ഗതാഗതക്കുരുക്കിന് പരിഹാരംകാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് കെ.ഐ.മുഹമ്മദ്റഫീഖ് ആവശ്യപ്പെട്ടു. ടൗണിൽ ഡിവൈഡറുകൾ വ്യാപാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ്. ഇതിനുവേണ്ട സഹായംചെയ്യാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തയ്യാറുമാണ്. എന്നാൽ, പൊതുവായ ഈ ആവശ്യം മുഖവിലയ്ക്കെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

ദേശീയപാതാ അധികൃതർ മുൻകൈയെടുക്കണം

ഷാഹുൽഹമീദ് ബന്തിയോട് (പ്രസിഡൻറ്, മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്ത്

ദേശീയപാതയുടെ ഭാഗമായതിനാൽ ഡിവൈഡറുകളും സിഗ്നൽ സംവിധാനവും ഒരുക്കാൻ ദേശീയപാതാ അധികൃതർ മുൻകൈയെടുക്കണമെന്ന് മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾഹമീദ് ബന്തിയോട് പറഞ്ഞു. ദേശീയപാതയുടെ ഭാഗമായതിനാലും സ്ഥലപരിമിതിയുള്ളതുകൊണ്ടും വാഹന പാർക്കിങ് സംവിധാനം ഒരുക്കാൻപറ്റാത്ത സ്ഥിതിയുണ്ട്. ട്രാഫിക് സിഗ്നലും ഡിവൈഡറുകളും നിർമിക്കാൻ അധികൃതർ തയ്യാറായാൽ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ ഒരുക്കമാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here