ഇനി അഞ്ച് വർഷത്തെ കാത്തിരിപ്പ് വേണ്ട: മരിച്ചവർക്ക് വേണ്ടി ഹജ്ജ് ചെയ്യുന്ന ഉറ്റ ബന്ധുക്കൾക്ക് ഇളവ്

0
217

റിയാദ്: (www.mediavisionnews.in) ഒരു തവണ ഹജ്ജ് നിർവ്വഹിച്ചവർക്കു വീണ്ടും ഹജ്ജ് ചെയ്യാൻ അഞ്ചു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഹജ്ജ്, ഉംറ മന്ത്രാലയം ഇളവ് ചെയ്തു. മരിച്ചവർക്കു വേണ്ടി ഹജ്ജ് നിർവ്വഹിക്കുന്ന ഉറ്റ ബന്ധുക്കൾക്കാണ് ഇളവ്.

മരിച്ച മകനോ മകൾക്കോ വേണ്ടി ഹജ്ജ് നിർവ്വഹിക്കുന്ന പിതാവ്, ഭാര്യക്ക് വേണ്ടി ഹജ്ജ് നിർവ്വഹിക്കുന്ന ഭർത്താവ്, സഹോദരനോ സഹോദരിക്കോ വേണ്ടി ഹജ്ജ് നിർവ്വഹിക്കുന്ന സഹോദരൻ, മാതാവിനോ പിതാവിനോ വേണ്ടി ഹജ്ജ് നിർവ്വഹിക്കുന്ന മകൻ എന്നിവർക്കാണ് അഞ്ചു വർഷ വ്യവസ്ഥയിൽ ഇളവ് ലഭിക്കുക.

ഈ വിഭാഗങ്ങളിൽപ്പെട്ടവർക്കു ഹജ്ജ് രജിസ്‌ട്രേഷനുള്ള ഓൺലൈൻ സംവിധാനമായ ഇ-ട്രാക്ക് വഴി ഹജ്ജ് അനുമതി പത്രം അനുവദിക്കും. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട വിദേശികൾ ആശ്രിതരായി രജിസ്റ്റർ ചെയ്തവരായിരിക്കണം.

സ്വദേശികൾക്കും വിദേശികൾക്കും ഈ ഇളവ് ലഭിക്കും. പ്രത്യേകം നിർണ്ണയിച്ചതല്ലാത്ത കാരണങ്ങളുടെയും സാഹചര്യങ്ങളുടെയും പേരിൽ അഞ്ചു വർഷ വ്യവസ്ഥയിൽ ഇളവുകൾ ലഭിക്കുന്നതിന് സ്വദേശികൾ സിവിൽ അഫയേഴ്‌സ് വിഭാഗത്തെ സമീപിക്കണം.

വിദേശികൾ ജവാസാത് ഡയറക്ടറേറ്റിനെയും നേരിട്ട് സമീപിച്ച് പ്രത്യേക ഇളവ് നേടിയ ശേഷമാണ് ഇ-ട്രാക്ക് വഴി ഹജ്ജ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതെന്നു ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇ- ട്രാക്ക് വഴി ഹജ്ജിനു രജിസ്റ്റർ ചെയ്യുന്നവർ തങ്ങൾ തിരഞ്ഞെടുത്ത ഹജ്ജ് പാക്കേജ് അനുസരിച്ചു പണം 48 മണിക്കൂറിനകം അടച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here