‘ത്രീ ഡി എന്നു പറഞ്ഞിട്ട് പന്തെറിയിക്കുന്നില്ല, നാലാം നമ്പറില്‍ മികവുമില്ല’ വിജയ് ശങ്കര്‍ ടീമിന് ആവശ്യമോ

0
549

മാഞ്ചസ്റ്റര്‍ (www.mediavisionnews.in):  ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിനെച്ചൊല്ലിയുള്ള ചര്‍ച്ചകല്‍ വിന്‍ഡീസിനെതിരായ മത്സരത്തോടെ ചൂട് പിടിച്ചിരിക്കുകയാണ്. ധവാനു പരുക്കേറ്റതോ
ടെ കെഎല്‍ രാഹുലിനെ നാലാം നമ്പറില്‍ നിന്ന് ഓപ്പണറായി ഇറക്കിയപ്പോഴാണ് ഇന്ത്യന്‍ ടീമിന് മുന്നില്‍ നാലാം നമ്പര്‍ വീണ്ടും ചോദ്യ ചിഹ്നമായത്. ധവാന് പകരം ടീമിലിടം നേടിയ ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനു പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയാണ് ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിക്കുന്നത്.

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന താരമെന്ന വിശേഷണവും ‘ത്രീ ഡി’ എന്ന വിളിപ്പേരുമായി ടീമിലിടം നേടിയ ശങ്കര്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ലോകകപ്പില്‍ അരങ്ങേറിയത്. ഭൂവനേശ്വറിന് പരുക്കേറ്റതിനെത്തുടര്‍ന്ന് ബോളെറിയാനെത്തിയ താരം ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തതോടെ വിമര്‍ശനങ്ങള്‍ക്ക് ഉത്തരം ലഭിച്ചെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു. മത്സരത്തില്‍ 5.2 ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് താരം വീഴ്ത്തിയത്.

എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഇന്ത്യ ചെറിയ ടോട്ടല്‍ കുറിച്ചപ്പോള്‍ വിജയ് ശങ്കറെന്ന ബൗളറില്‍ നായകന്‍ വിശ്വാസം അര്‍പ്പിച്ചില്ല. മറുവശത്ത് നാലാം നമ്പറിലേക്ക് ടീമിലെത്തിയ താരം ബാറ്റിങ്ങില്‍ നിറം മങ്ങുകയും ചെയ്തു. എന്ത് കണ്ടിട്ടാണ് നാലാം നമ്പറില്‍ ഈ കളിക്കാരനെന്ന ചോദ്യത്തിന് ബാറ്റ് കൊണ്ട് മറുപടി പറയാന്‍ നല്ല അവസരമായിരുന്നു വിജയ ശങ്കര്‍ക്ക് വിന്‍ഡീസിനെതിരെ ലഭിച്ചത്. എന്നാല്‍ ആ ചോദ്യത്തിന്റെ ശക്തി കൂട്ടുന്നതായി മാറുകയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 19 പന്തില്‍ 14 റണ്‍സ് മാത്രമാണ് നാലാം നമ്പറുകാരന് കുറിക്കാന്‍ കഴിഞ്ഞത്.

ഇതോടെ സെക്കന്‍ഡ് ഡൗണ്‍ പൊസിഷനെ ചൊല്ലിയുള്ള ചര്‍ച്ച ചൂടുപിടിച്ചു. അടുത്ത കളികളിലെങ്കിലും ഋഷഭ് പന്തിന് അവസരം നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. അഫ്ഗാനെതിരെയും വിന്‍ഡീസിനെതിരെയും മികച്ച ഇന്നിങ്ങ്‌സ് കളിക്കാനാകാതെ വന്നതോടെ ഇംഗ്ലണ്ടിനെതിരെ ശങ്കറുടെ സ്ഥാനം തുലാസിലാവുകയാണ്. ദിനേശ് കാര്‍ത്തികും റിഷഭ് പന്തുമാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന മറ്റ് രണ്ട് പേര്‍.

പരിചയസമ്പത്തും സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള കഴിവുമാണ് ദിനേശ് കാര്‍ത്തിക്കിന് അനുകൂല ഘടകം. വിസ്‌ഫോടന ശേഷിയുള്ള ബാറ്റ്‌സ്മാന്‍ എന്നതിനൊപ്പം ഇടങ്കൈയ്യനാണ് എന്നത് പന്തിന് തുണയാകും. ധവാന്‍ മടങ്ങിയതോടെ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ഒരു ഇടംകയ്യന്‍ ബാറ്റ്‌സ്മാനും ഇപ്പോഴില്ല. ഇവര്‍ക്ക് രണ്ടുപേരുമല്ലെങ്കില്‍ ശങ്കര്‍ക്ക് പകരം ജഡേജയെ കളിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here