മഹാസഖ്യം വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യുപി മന്ത്രി; പിടിച്ച് പുറത്താക്കി യോഗി ആദിത്യനാഥ്

0
185

ലഖ്‍നൗ(www.mediavisionnews.in): ഉത്തർപ്രദേശിൽ മഹാസഖ്യം വൻ വിജയം നേടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശ് മന്ത്രിയായ ഒ പി രാജ്ഭറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്താക്കി. സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‍ബിഎസ്‍പി) നേതാവാണ് ഒ പി രാജ്‍ഭർ. നേരത്തേ ബിജെപിക്കെതിരെ പ്രസ്താവനകൾ നടത്തി കലാപമുണ്ടാക്കിയ ശേഷം മന്ത്രിസ്ഥാനം രാജി വച്ചിരുന്നെങ്കിലും രാജ്ഭറിന്‍റെ രാജി മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല. 

ഉത്തർപ്രദേശ് ഗവർണറോട്, മന്ത്രിയായ രാജ്‍ഭറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് യുപി മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവിഭാഗങ്ങളുടെയും ഭിന്നശേഷിക്കാരുടെയും വകുപ്പുകളുടെ മന്ത്രിയാണ് ഒ പി രാജ്‍ഭർ. 

പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നേരത്തേയും ഒ പി രാജ്ഭർ ബിജെപിക്കെതിരെ കലാപമുയർത്തിയിരുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പുകളാകുമ്പോഴേക്ക് ഉത്തർപ്രദേശിൽ എൻഡിഎക്കെതിരെ ഒ പി രാജ്ഭർ 39 സ്ഥാനാർത്ഥികളെയാണ് നിർത്തിയത്. 

തീരുമാനത്തെ ഒ പി രാജ്‍ഭർ സ്വാഗതം ചെയ്തു. ഇനിയും ബിജെപിക്കെതിരെ പോരാട്ടം തുടരുമെന്നും രാജ്ഭർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെ അധികാരത്തിലെത്തില്ലെന്നും ഇനി ഇന്ത്യയുടെ പ്രധാനമന്ത്രി ‘ദളിത് പുത്രി’യായിരിക്കുമെന്നും രാജ്ഭർ പറഞ്ഞു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here