ബിജെപി വിമതരെ മറുകണ്ടം ചാടിക്കാനൊരുങ്ങി സിദ്ധരാമയ്യ: ലക്ഷ്യം മുഖ്യമന്ത്രി പദം

0
194

ബെംഗളൂരു(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കർണാടകത്തിൽ ചർച്ച സഖ്യസർക്കാരിന്‍റെ നിലനിൽപ്പിനെക്കുറിച്ചാണ്. മെയ് 23ന് ശേഷം ബിജെപി എംഎൽഎമാർ തങ്ങൾക്കൊപ്പമെത്തുമെന്ന് കോൺഗ്രസും  20 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയെങ്കിലും കിട്ടുമെന്ന്  ബിജെപിയും ആവർത്തിക്കുന്നു. അതേ സമയം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിമതനീക്കങ്ങൾക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ജെഡിഎസ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ഫലം അനുകൂലമായാലും പ്രതികൂലമായാലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തുടരുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കുമാരസ്വാമിയെ ഇനി വേണ്ടെന്നുറപ്പിച്ച് ഇടക്കാല തെരഞ്ഞെടുപ്പിന് കോൺഗ്രസ് വഴിതുറക്കുമോ അതല്ല ഓപ്പറേഷൻ താമരയിലൂടെ ബിജെപി ഭൂരിപക്ഷം പിടിക്കുമോ എന്നെല്ലാമാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാധ്യതകള്‍. കർണാടകത്തിലല്ല കേന്ദ്രത്തിലാണ് സർക്കാർ മാറാൻ പോകുന്നതെന്ന് പറയുന്ന കോൺഗ്രസ് അത്ഭുതങ്ങൾ സംഭവിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ തളളുന്നു.

കോൺഗ്രസ് ഒരു ശ്രമവും നടത്താതെ തന്നെ ബിജെപി എൽഎഎമാർ ഞങ്ങൾക്കൊപ്പമെത്തും എന്നാണ് കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എഐസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെസി വേണുഗോപാല്‍ പറയുന്നത്. അതേസമയം നേരത്തെ പരാജയപ്പെട്ട സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ മെയ് 23-ന് ശേഷം വിജയകരമായി നടപ്പാക്കാം എന്ന വിശ്വാസത്തിലാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. കുമാരസ്വാമിയോട് അതൃപ്തിയുളള ഇരുപത് കോൺഗ്രസ് എംഎൽഎമാർ മെയ് 23ന് ശേഷം പാർട്ടി വിടുമെന്ന് അദ്ദേഹം പറയുന്നു. 
 
കുമാരസ്വാമി സർക്കാർ  അഞ്ച് വർഷം തികയ്ക്കുമെന്ന് കോൺഗ്രസ് ഹൈക്കമാന്‍റ് ആവർത്തിക്കുമ്പോഴും സഖ്യത്തിൽ കാര്യങ്ങൾ പന്തിയല്ല.  
കോണ്‍ഗ്രസ്-ജെഡിഎസ് ഏകോപന സമിതി അധ്യക്ഷൻ കൂടിയായ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹം അദ്ദേഹത്തോട് ഒപ്പമുള്ള എംഎൽഎമാർ പലവട്ടം തുറന്നു പറഞ്ഞു കഴിഞ്ഞു. ഇതിനുള്ള മറുപടിയെന്നോണം സിദ്ധരാമയ്യ ഒരിക്കൽ മുഖ്യമന്ത്രിയായത് മതിയെന്നും അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച് വിശ്വനാഥ് തുറന്നടിക്കുന്നു. അസൂയക്കാരനായ വിശ്വനാഥിന് ദൈവം ബുദ്ധി കൊടുക്കട്ടേ എന്ന് സിദ്ധരാമയ്യയും മറുപടി നൽകി. 

പരസ്യപ്രസ്താവനകൾ ഇനി ഈ വിഷയത്തിൽ വേണ്ടെന്ന് ഇരുനേതാക്കൾക്കും മുന്നറിയിപ്പും കിട്ടി. ദളിന് കീഴിൽ ഭരണം വേണ്ടെന്ന് നിലപാടുളള സിദ്ധരാമയ്യ മറുപക്ഷത്തുനിന്ന് എംഎൽഎമാരെ ഒപ്പമെത്തിച്ച് ബദൽ സർക്കാരിന് നീക്കം നടത്തുന്നുവെന്നാണ് അഭ്യൂഹം. അതേ സമയം ഓഗസ്റ്റിൽ മറ്റൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കാൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ അണികളോട് ആഹ്വാനം ചെയ്തു. സഖ്യസർക്കാരിനെ ഉടൻ പിരിച്ചുവിടുമെന്നാണ് ഹെഗ്ഡെയുടെ വാദം. സഖ്യമര്യാദകളുടെ പേരില്‍ ജെഡിഎസ്-സിദ്ധരാമയ്യ പോരാട്ടം താല്‍ക്കാലത്തേക്ക് അടങ്ങിയിട്ടുണ്ട്. ലോക്സഭാ ഫലത്തേക്കാള്‍ സിദ്ധരാമയ്യയുടെ വിമത നീക്കങ്ങള്‍ അനുസരിച്ചാവും കര്‍ണാടക സഖ്യത്തിന്‍റെ ഭാവിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here