അടിമുടി രൂപം മാറിയ പുതിയ ഹ്യുണ്ടായി സാന്‍ട്രോ വിപണിയിലേക്ക്

0
190

ദില്ലി(www.mediavisionnews.in):പതിവു സാന്‍ട്രോ സങ്കല്‍പങ്ങള്‍ ഉടച്ചുകളഞ്ഞാണ് പുത്തന്‍ ഹാച്ച്ബാക്കിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. സാന്‍ട്രോയുടെ സിഗ്നേച്ചര്‍ ടോള്‍ ബോയ് ശൈലി ഹാച്ച്ബാക്ക് പിന്തുടരുന്നുണ്ടെങ്കിലും മുഖച്ഛായ പാടെ മാറി. ഒക്ടോബര്‍ 23 -ന് സാന്‍ട്രോയെ ഹ്യുണ്ടായി വില്‍പനയ്ക്ക് കൊണ്ടുവരും. മോഡലിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനി തുടങ്ങി.

അഞ്ചു വകഭേദങ്ങളാണ് പുതിയ സാന്‍ട്രോയിൽ. ഡിലൈറ്റ്, ഏറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ വകഭേദങ്ങള്‍ സാന്‍ട്രോയില്‍ അണിനിരക്കും. 3.87 ലക്ഷം രൂപയാണ് പ്രാരംഭ സാന്‍ട്രോ ഡിലൈറ്റ് മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദം വില 5.29 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും. സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ എത്തും. പുതിയ സാന്‍ട്രോയില്‍ 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി നല്‍കുന്നത്. പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഹാച്ച്ബാക്കിലെ സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ ആദ്യ എഎംടി കാര്‍ കൂടിയാണ് പുത്തന്‍ സാന്‍ട്രോ. മാഗ്ന, സ്‌പോര്‍ട്‌സ് മോഡലുകളിലാണ് സാന്‍ട്രോയുടെ സിഎന്‍ജി പതിപ്പ് ഒരുങ്ങുക. സാന്‍ട്രോയുടെ പെട്രോള്‍ വകഭേദങ്ങള്‍ (മാനുവല്‍, എഎംടി ഉള്‍പ്പെടെ) 20.3 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കും.

ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെ ബമ്പറിലാണ് കസ്‌കേഡിംഗ് ഗ്രില്ല്. ഗ്രില്ലിന് ഇരുവശത്തുമുള്ള ഫോഗ്‌ലാമ്പുകള്‍ സാന്‍ട്രോയില്‍ പുതുമയാണ്. ഗ്രില്ലിന് ചുറ്റുമുള്ള കറുത്ത ക്ലാഡിംഗ്, വശങ്ങളിലൂടെ ഒഴുകുന്ന ബെല്‍റ്റ്‌ലൈന്‍, ബോഡിയില്‍ നിന്നും മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍ തുടങ്ങിയവയാണ് സാന്‍ട്രോയിലെ വിശേഷങ്ങള്‍.

കാറിന്റെ പിന്‍ഭാഗം പഴയ സാന്‍ട്രോയെ ഓര്‍മ്മപ്പെടുത്തും. വലിയ പിന്‍ വിന്‍ഡ്ഷീല്‍ഡ് പുതിയ സാന്‍ട്രോയ്ക്കും ലഭിക്കുന്നു. അതേസമയം ടെയില്‍ലാമ്പുകളില്‍ ആധുനികത അനുഭവപ്പെടും. ഫീച്ചറുകളുടെ ധാരാളിത്തവും പുതിയ സാന്‍ട്രോയുടെ സവിശേഷതയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here